കോഴിക്കോട് കാരശ്ശേരിയില്‍ വവ്വാലുകള്‍ ചത്തനിലയില്‍; ഭീതിയില്‍ നാട്ടുകാര്‍

കോഴിക്കോട്: പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ കോഴിക്കോട് കാരശ്ശേരിയില്‍ വവ്വാലുകളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തി. കാരശ്ശേരിയുടെ സമീപ പഞ്ചായത്തായ കൊടിയത്തൂരിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ ജനങ്ങള്‍ ഭീതിയിലായിരിക്കുകയാണ്.

അതേസമയം പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത വേങ്ങേരി, കൊടിയത്തൂര്‍ പ്രദേശങ്ങളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഒരു വിഭാഗം നാട്ടുകാരുടെ നിസ്സഹകരണം മൂലം പ്രതിസന്ധിയിലായിരിക്കുകയാണ്. നാട്ടുകാരില്‍ പലരും തങ്ങളുടെ കോഴികള്‍ അടക്കമുള്ള വളര്‍ത്തുപ്പക്ഷികളെ കൂട്ടത്തോടെ മാറ്റിയതാണ് പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. പലരും വീട്ടില്‍ വളര്‍ത്തുന്ന വിലകൂടിയ അലങ്കാര പക്ഷികളെയും മാറ്റിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇനിയും പക്ഷിപ്പനി പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതകള്‍ കൂടുതലാണെന്നാണ് അധികൃതര്‍ പറയുന്നത്.

രോഗം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് വേങ്ങേരി, കൊടിയത്തൂര്‍ പ്രദേശത്തെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ കോഴിയിറച്ചി വില്‍പ്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ച കൊണ്ട് വളര്‍ത്തു പക്ഷികളെ കൊന്ന് കത്തിച്ച് കളയുന്ന പ്രക്രിയ പൂര്‍ത്തിയാക്കാനാകുമെന്നാണ് ജില്ലാ ഭരണ കൂടത്തിന്റെ കണക്ക് കൂട്ടല്‍. കഴിഞ്ഞ ദിവസം ആയിരക്കണക്കിന് വളര്‍ത്തുപ്പക്ഷികളെയാണ് കൊന്ന് കത്തിച്ചത്.

Exit mobile version