കൊച്ചിയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച സംഭവം; എല്ലാ മുന്‍ കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്, പരിഭ്രാന്തരാകേണ്ടെന്ന് ജില്ലാ കളക്ടര്‍

കൊച്ചി: കൊച്ചിയില്‍ മൂന്ന് വയസുള്ള കുട്ടിക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ്. ജില്ലാ ഭരണ കൂടത്തിന്റെ നേതൃത്വത്തില്‍ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും എല്ലാ മുന്‍ കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കളക്ടര്‍ ഇക്കാര്യം അറിയിച്ചത്.

ഇറ്റലിയില്‍ നിന്ന് എത്തിയ കുടുംബത്തിലെ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ മാതാപിതാക്കളും നിരീക്ഷണത്തിലാണ്. എന്നാല്‍ ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്.
മാര്‍ച്ച് ഏഴാം തീയതി രാവിലെ ദുബായില്‍ നിന്നുള്ള ഇകെ-503 വിമാനത്തിലാണ് ഇവര്‍ കൊച്ചിയില്‍ എത്തിയത്. വിമാനത്താവളത്തില്‍ വെച്ച് നടത്തിയ പരിശോധനയില്‍ തന്നെ കുഞ്ഞിന് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് കുടുംബത്തെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ അമ്മയുടെയും അച്ഛന്റെയും സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിരിക്കുകയാണ്.

കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാര്‍ച്ച് 7ന് ഇറ്റലിയില്‍ നിന്നെത്തിയ മൂന്ന് വയസുള്ള കുട്ടിക്ക് കോവിഡ് – 19 സ്ഥിരീകരിച്ചു. അച്ഛനും അമ്മയ്ക്കും ഒപ്പമാണ് കുട്ടി എത്തിയത്. 7 ന് രാവിലെ #EK530 ദുബായ് – കൊച്ചി വിമാനത്തിലാണ് കുട്ടി നെടുമ്പാശ്ശേരിയിലെത്തിയത്.

വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള യൂണിവേഴ്‌സല്‍ സ്‌ക്രീനിംഗ് സംവിധാനത്തില്‍ സ്‌ക്രീനിംഗ് നടത്തിയപ്പോഴാണ് പനി ഉണ്ടെന്നറിഞ്ഞത്. ഉടന്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിക്കുകയായിരുന്നു. കുട്ടിയും അമ്മയും അച്ഛനുമാണ് ഐസൊലേഷനിലുള്ളത്. കുട്ടിയുടെ സാമ്പിള്‍ എന്‍.ഐ.യുവിലെ പരിശോധനയിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. അമ്മയുടെയും അച്ഛന്റെയും സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിരിക്കുകയാണ്.

വിമാനത്തിലെ സഹയാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ്. ഇത് വിവിധ ജില്ലകള്‍ക്കു കൈമാറും. കുട്ടിയുമായി സമ്പര്‍ക്കത്തിലായവര്‍ നീരീക്ഷണത്തിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.കോവിഡ്- 19 നുമായി ബന്ധപ്പെട്ട് എറണാകുളം മെഡിക്കല്‍ കോളേജില്‍ 12 പേരാണ് ഐസൊലേഷനിലുള്ളത്. ജില്ലാ ഭരണ കൂടത്തിന്റെ നേതൃത്വത്തില്‍ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. സംശയ നിവാരണത്തിനായി ദിശ 0471 2552056, 1056, 0484-2368802 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ആരും പരിഭ്രാന്തരാകേണ്ടതില്ല
ജില്ലാ കണ്‍ട്രോള്‍ റൂം 04842368802
ടോള്‍ ഫ്രീ 1056
___________________________________________
94 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 732 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 648 പേര്‍ വീടുകളിലും 84 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 729 സാമ്പിളുകള്‍ എന്‍.ഐ.വി.യില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 664 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ല.
______________________________________________

1. കോവിഡ് 19 ബാധിത രാജ്യങ്ങളില്‍ നിന്നും യാത്രാ ചരിത്രമുള്ളവര്‍ അല്ലെങ്കില്‍ അത്തരം യാത്രക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന വ്യക്തികള്‍, വീടുകളില്‍ നിരീക്ഷണത്തില്‍ തുടരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അവരുടെ സ്വയം നിരീക്ഷണം സമൂഹത്തിന്റെയും അവരുടെ കുടുംബത്തിന്റെയും തങ്ങളുടെയും നന്മയ്ക്കുള്ള യഥാര്‍ത്ഥ പ്രാര്‍ത്ഥനയാണ്.
2. ഹാന്‍ഡ് റെയിലിംഗുകള്‍ (ഉദാ: ആരാധനാലയങ്ങളിലെ ക്യൂ സമ്പ്രദായത്തിന് വേണ്ടി ഒരിക്കിയിട്ടുള്ള കമ്പി) കഴിയുന്നിടത്തോളം തൊടരുത്. റെയിലിംഗ് പോലുള്ള സ്ഥലങ്ങളില്‍ സ്പര്‍ശിച്ചതിന് ശേഷം കൈ കഴുകുക. 3. തിരക്കുകൂട്ടരുത്. പിന്നില്‍ നിന്നും മുന്നില്‍ നിന്നും വ്യക്തിയില്‍ നിന്ന് ഒരു കൈ അകലം എങ്കിലും പാലിച്ച് ക്യൂവില്‍ പോകുക.
4. ആലിംഗനം അല്ലെങ്കില്‍ ഹാന്‍ഡ്ഷേക്ക് പോലുള്ള സ്പര്‍ശിച്ചു കൊണ്ടുള്ള സാമൂഹിക ആശംസകള്‍ ഒഴിവാക്കുക. 5. നിങ്ങളുടെ മുഖം, മൂക്ക്, കണ്ണുകള്‍ എന്നിവ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക. 6. ചുമ, പനി, ശ്വാസം മുട്ട് അല്ലെങ്കില്‍ വൃക്കകരള്‍ രോഗം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ഏതെങ്കിലും രോഗമുള്ളവര്‍ ദര്‍ശനം ഒഴിവാക്കി വീട്ടില്‍ വിശ്രമിക്കണം. 7.ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ചു വായയും മൂക്കും മൂടുക.

Exit mobile version