കൊറോണ ബാധിതരെ സ്വീകരിച്ചത് കോട്ടയത്ത് നിന്നെത്തിയവർ; ഇവർ എസ്പി ഓഫീസും സന്ദർശിച്ചു; ബന്ധം പുലർത്തിയവരെ കണ്ടെത്താൻ എട്ട് മെഡിക്കൽ സംഘം; വൈകുന്നേരത്തോടെ സമ്പൂർണ്ണ പട്ടിക

പത്തനംതിട്ട: ഇറ്റലിയിൽ നിന്നെത്തിയ കുടുംബത്തിനും ബന്ധുക്കൾക്കും ഉൾപ്പടെ അഞ്ചുപേർക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ഇവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ എട്ടു മെഡിക്കൽ സംഘത്തെ നിയോഗിച്ചു. രണ്ട് ഡോക്ടർമാർ ഉൾപ്പടെ ഏഴ് പേരടങ്ങുന്ന സംഘത്തേയാണ് നിയോഗിച്ചത്. ഇന്നു വൈകുന്നേരത്തോടെ രോഗം സ്ഥിരീകരിച്ചവർ സമ്പർക്കം പുലർത്തയവരുടെ പൂർണ്ണ പട്ടിക തയ്യാറാകും.

രോഗം സ്ഥിരീകരിച്ച അഞ്ചു പേരും പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലാണുള്ളത്. ഇറ്റലിയിൽ നിന്നെത്തിയ 55-കാരന്റെ സഹോദരനാണ് ആദ്യം ആശുപത്രിയിലെത്തി ചികിത്സ തേടിയത്. ഇവരെ ചികിത്സിച്ചവരടക്കം നിലവിൽ നിരീക്ഷണത്തിലാണ്.

ഇറ്റലിയിൽ നിന്നെത്തിയ ദമ്പതികളേയും 22-കാരനായ മകനേയും കോട്ടയത്ത് നിന്നെത്തിയ ബന്ധുക്കളാണ് വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവർ പത്തനംതിട്ട എസ്പി ഓഫീസിലും പുനലൂരിലെ ബന്ധുവീട്ടിലും സന്ദർശനം നടത്തിയതായി ബോധ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ വൈറസ് ബാധയേറ്റവരുടെ ഇടവകയിലേതടക്കം റാന്നിയിലെ മൂന്ന് പള്ളികളിൽ ഞായറാഴ്ച പ്രാർത്ഥന ഒഴിവാക്കി.

അതേസമയം, ഇറ്റലിയിൽ നിന്നെത്തിയ ഈ കുടുംബത്തോട് ആശുപത്രിയിലേക്ക് മാറാൻ ആവശ്യപ്പെട്ടപ്പോൾ എതിർക്കുകയാണ് ആദ്യം ചെയ്തതെന്നും ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് പറയുകയാണ് ചെയ്തതെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചിരുന്നു. നിർബന്ധിച്ചാണ് കുടുംബത്തെ ആശുപത്രിയിലേക്ക് മാറ്റിയതെന്നും മന്ത്രി പറഞ്ഞു. കൊറോണ ബാധ പടരുന്ന രാജ്യങ്ങളിൽ നിന്ന് തിരിച്ച് വീട്ടിലെത്തുന്നവർ നിർബന്ധമായും ആരോഗ്യ വകുപ്പിനെ വിവരമറിയിക്കണമെന്നും അറിയിച്ചു. ഇത്തരത്തിൽ വിവരം അറിയിക്കാതിരിക്കുകയും പിന്നീട് കണ്ടുപിടിക്കാൻ ഇടയാവുകയും ചെയ്താൽ അത് കുറ്റകൃത്യമായി കണക്കാക്കി കർശന നടപടി എടുക്കുമെന്നും മന്ത്രി അറിയിച്ചു.

Exit mobile version