‘ഒരു കുട്ടിയെ തന്നാൽ പണം തരാമെന്ന് ഡോക്ടർ പറഞ്ഞു’; മയിലണ്ണനാണ് ലോറിയിൽ എത്തിച്ചത്: നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച നാടോടി സ്ത്രീ

കൊല്ലം: കൊല്ലത്ത് നിന്നും നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ നാടോടി സ്ത്രീയുടെ മൊഴികൾ പരസ്പര വിരുദ്ധം. ‘മയിലണ്ണൻ’ എന്നയാളാണു ലോറിയിൽ കൊണ്ടു വന്നതെന്ന് പറഞ്ഞ സ്ത്രീ, ഒരു കുട്ടിയെ കൊണ്ടുവന്നു തന്നാൽ പണം തരാമെന്ന് ഡോക്ടർ പറഞ്ഞുവെന്നും പോലീസിനോട് പറഞ്ഞു. അനിയത്തിക്കു ബിസ്‌കറ്റ് വാങ്ങാൻ രാവിലെ കടയിൽ പോയ ഒമ്പതു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ജ്യോതിയെന്ന് സ്വയം പരിചയപ്പെടുത്തിയ നാടോടി സ്ത്രീയാണ് പോലീസിന് ഈ മൊഴി നൽകിയത്. ഇന്നലെയാണ് കരുനാഗപ്പള്ളി തുറയിൽക്കുന്ന് എസ്എൻയുപി സ്‌കൂളിലെ 4ാം ക്ലാസ് വിദ്യാർഥിനി ജാസ്മിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. 60 വയസ്സു തോന്നിക്കുന്ന സ്ത്രീ മലയാളവും തമിഴും ഇടകലർത്തിയാണു സംസാരിക്കുന്നത്.

തന്റെ പേരു ജ്യോതി എന്നാണെന്നും പൊള്ളാച്ചിയാണു സ്വദേശമെന്നും പറയുന്ന ഇവരുടെ വാക്കുകളെല്ലാം പരസ്പര വിരുദ്ധമാണെന്നാണ് പോലീസ് പറയുന്നത്. എസ്എൻയുപി സ്‌കൂളിൽ തന്നെ പഠിക്കുന്ന അനിയത്തിക്കു ബിസ്‌കറ്റ് വാങ്ങാനാണു വ്യാഴാഴ്ച രാവിലെ 9 മണിയോടെ ജാസ്മിൻ വീടിനടുത്തുള്ള കടയിലേക്കു പോയത്. പിന്നാലെ നടന്നെത്തിയ സ്ത്രീ കയ്യിൽ പിടിക്കുകയും ‘എന്റെ കൂടെ വാ മോളെ, നമുക്കു പോകാം’ എന്നു പറയുകയുമായിരുന്നുവെന്നു കുട്ടി പോലീസിനോട് പറയുന്നു. പിടിവിട്ടു കുതറിയോടിയ കുട്ടി അടുത്ത വീട്ടിൽ അഭയം തേടിയാണ് രക്ഷപ്പെട്ടത്. ഇതിനിടെ കടന്നുകളയാൻ ശ്രമിച്ച സ്ത്രീയെ നാട്ടുകാർ തടഞ്ഞുവച്ചു പോലീസിനെ ഏൽപ്പിക്കുകയായിരുന്നു.

കുട്ടിയുടെ അമ്മയുടെയും അധ്യാപകരുടെയും പരാതിയിൽ കരുനാഗപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇവർക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടോയെന്നു പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു. മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവരെ കോടതിയിൽ ഹാജരാക്കും.

Exit mobile version