മലേഷ്യയില്‍ തൊഴിലുടമയുടെ പീഡനത്തിനിരയായ ഹരിദാസിന് ആശ്വാസമായി മമ്മൂട്ടി; ചികിത്സാ ചെലവ് ഏറ്റെടുത്തു

ഹരിദാസിന്റെ മൂത്ത മകള്‍ ഹരിലക്ഷ്മിയുടെ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞാല്‍ ചികിത്സയ്ക്കു പോകാനാണു തീരുമാനിച്ചിരിക്കുന്നത്.

ആലപ്പുഴ: മലേഷ്യയില്‍ തൊഴിലുടമയുടെ ക്രൂര പീഡനത്തിനിരയായ ഹരിപ്പാട് സ്വദേശി എസ് ഹരിദാസിന് ആശ്വാസമായി നടന്‍ മമ്മൂട്ടി. ഹരിദാസിന്റെ ചികിത്സാ ചെലവ് ഏറ്റെടുത്തിരിക്കുകയാണ് താരം ഡയറക്ടറായ പതഞ്ജലി ആയുര്‍വേദ ചികിത്സാലയം.

ഗുരുതരമായി പൊള്ളലേറ്റ ഹരിദാസിന്റെ എല്ലാ ചികിത്സാ ചെലവും സ്ഥാപനം ഏറ്റെടുക്കുമെന്ന് ഡയറക്ടര്‍ ഡോ. കെ ജ്യോതിഷ് കുമാര്‍ അറിയിച്ചു. ഹരിദാസിന്റെ മൂത്ത മകള്‍ ഹരിലക്ഷ്മിയുടെ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞാല്‍ ചികിത്സയ്ക്കു പോകാനാണു തീരുമാനിച്ചിരിക്കുന്നത്. ചികിത്സ പൂര്‍ണ്ണമായും സൗജന്യമായിരിക്കുമെന്ന് ജ്യോതിഷ് ഹരിദാസിന്റെ കുടുംബത്തെ അറിയിച്ചു കഴിഞ്ഞു.

നോര്‍ക്ക ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച ഹരിദാസിന്റെ വീട്ടില്‍ എത്തി വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. പ്രവാസികള്‍ക്കുള്ള സഹായങ്ങള്‍ ലഭ്യമാക്കാന്‍ നടപടിയെടുക്കുമെന്ന് നോര്‍ക്ക ഭാരവാഹികള്‍ അറിയിച്ചു. പ്രവാസി ക്ഷേമനിധിയില്‍ അംഗമാകാനുള്ള അപേക്ഷ ഹരിദാസില്‍ നിന്നും പൂരിപ്പിച്ചു വാങ്ങി.

Exit mobile version