കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടി എടുത്താല്‍ പണിമുടക്കും; മുന്നറിയിപ്പ് നല്‍കി തൊഴിലാളി യൂണിയനുകള്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്കിന്റെ പേരില്‍ ജീവനക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചാല്‍ പണിമുടക്കിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പുമായി തൊഴിലാളി യൂണിയനുകള്‍. ഭരണ-പ്രതിപക്ഷ ഭേദമില്ലാതെയാണ് യൂണിയനുകള്‍ ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കുന്നതിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഒരു തൊഴിലാളി സംഘടനയും ആഹ്വാനം ചെയ്യാതെയാണ് ജീവനക്കാര്‍ സ്വമേധയാ സമരത്തിന് ഇറങ്ങിയത്. ആദ്യം റോഡിന്റെ വശത്താണ് വണ്ടികള്‍ പാര്‍ക്ക് ചെയ്തത്. പിന്നീട് ദൂരദേശത്തുനിന്നുള്ള ബസുകള്‍ കൂടി വന്നപ്പോഴാണ് ഗതാഗതക്കുരുക്കുണ്ടായത്. ആര്‍ടിഒയുടെയും കളക്ടറുടെയും റിപ്പോര്‍ട്ട് പ്രകാരം മന്ത്രിയുടെ നീക്കം ഡ്രൈവറുടെയും കണ്ടക്ടറുടെയും ഒക്കെ ലൈസന്‍സ് റദ്ദാക്കാനാണെങ്കില്‍ ഇവരൊക്കെ തന്നെ വാഹനം ഓടിക്കേണ്ടി വരും. നിലപാടില്‍ ഉറച്ച് സമരവുമായി മുന്നോട്ട് പോകുമെന്നാണ് കെഎസ്ടിഇയു- എഐടിയുസി ജനറല്‍ സെക്രട്ടറി എം ജി രാഹുല്‍ വ്യക്തമാക്കിയത്.

തലസ്ഥാനത്തെ അഞ്ച് മണിക്കൂര്‍ ദുരിതത്തിലാക്കിയ കെഎസ്ആര്‍ടിസിയുടെ മിന്നല്‍ പണിമുടക്ക് സംബന്ധിച്ച് ജില്ലാ കളക്ടര്‍ നാളെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കളക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം കെഎസ്ആര്‍ടിസിയില്‍ എസ്മ (അവശ്യസേവനനിയമം) ബാധകമാക്കണമെന്നാണ്. കെഎസ്ആര്‍ടിസിയുടെ മിന്നല്‍ പണിമുടക്കിനെ പൂര്‍ണ്ണമായും തള്ളിപ്പറയുന്ന റിപ്പോര്‍ട്ടാണ് ജില്ലാകളക്ടര്‍ തയ്യാറാക്കിയിരിക്കുന്നത്.

മിന്നല്‍ പണിമുടക്കിനെതിരെ ജനരോഷം ശക്തമായ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതായാണ് റിപ്പോര്‍ട്ട്. ജില്ലാകളക്ടറുടെ അന്തിമറിപ്പോര്‍ട്ട് കിട്ടിയതിന് ശേഷമായിരിക്കും നടപടി. നിലവില്‍ ബസുകള്‍ കൂട്ടത്തോടെ റോഡില്‍ നിര്‍ത്തി ഇറങ്ങിപ്പോയ ഡ്രൈവര്‍മാരുടേയും കണ്ടക്ടര്‍മാരുടെയും പട്ടിക ശേഖരിച്ച് വരികയാണ്.

Exit mobile version