‘പാവം നാടക കലാകാരന്മാരുടെ വണ്ടിയുടെ ബോര്‍ഡ് അളക്കാന്‍ കാണിക്കുന്ന ഈ ഉത്സാഹം സമൂഹത്തിലെ ഉയര്‍ന്ന ആളുകളുടെ വാഹനങ്ങള്‍ കൂടി പരിശോധിക്കാന്‍ കാണിക്കണം’; സംവിധായകന്‍ ഡോ.ബിജു

തൃശ്ശൂര്‍: നാടക വണ്ടിയുടെ മുകളില്‍ ബോര്‍ഡ് വെച്ചതിന് 24000 രൂപ പിഴയിട്ട മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് സംവിധായകന്‍ ഡോ.ബിജു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇതിനെതിരെ പ്രതികരിച്ചത്. പാവം നാടക കലാകാരന്മാരുടെ വണ്ടിയുടെ ബോര്‍ഡ് അളക്കാന്‍ കാണിക്കുന്ന ഈ ഉത്സാഹം സിനിമാ താരങ്ങളുടെയും, രാഷ്ട്രീയ നേതാക്കളുടെയും സമൂഹത്തിലെ മറ്റ് ഉയര്‍ന്ന ആളുകളുടെയും വാഹനങ്ങള്‍ കൂടി പരിശോധിക്കാന്‍ ഉണ്ടാകണമെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

നിയമം നടപ്പിലാക്കേണ്ടത് സാധാരണക്കാരന്റെ മാത്രം നെഞ്ചത്തു കയറിയില്ല എന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു. വാഹനത്തില്‍ വെച്ചിരിക്കുന്ന നാടക സമിതിയുടെ ബോര്‍ഡിന്റെ വലിപ്പം കൂടിയെന്ന് പറഞ്ഞാണ് ഇത്രയും വലിയ തുക മോട്ടോര്‍ വാഹനവകുപ്പ് ഈടാക്കിയിരിക്കുന്നത്.

ഡോ.ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

ആലുവ അശ്വതി തിയറ്റേഴ്സിന്റെ നാടക വണ്ടി മോട്ടോര്‍ വാഹന വകുപ്പ് റോഡില്‍ പരിശോധിക്കുന്നതിന്റെ ഒരു ദൃശ്യം കണ്ടു. വാഹനത്തില്‍ വെച്ചിരിക്കുന്ന നാടക സമിതിയുടെ ബോര്‍ഡ് അല്‍പ്പം വലുപ്പം കൂടുതല്‍ ആണത്രേ.ടേപ്പുമായി വണ്ടിയില്‍ വലിഞ്ഞു കയറി ബോര്‍ഡിന്റെ അളവെടുക്കുന്ന ഉദ്യോഗസ്ഥരെയും ദൃശ്യത്തില്‍ കാണാം. നാടക വണ്ടിയില്‍ നാടക സമിതിയുടെ ബോര്‍ഡ് വെച്ചത് ഏതാനും സെന്റീമീറ്റര്‍ കൂടിപ്പോയി എന്ന ഭൂലോക ക്രിമിനല്‍ കുറ്റത്തിന് ആ നാടക കലാകാരന്മാര്‍ക്ക് വലിയ ഒരു തുക പിഴ അടിച്ചു കൊടുക്കുകയും ചെയ്തു. അവരുടെ ഒരു ദിവസത്തെ നാടകത്തിന്റെ മുഴുവന്‍ കാശും കൂട്ടിയാലും വീണ്ടും പിഴ തുകയ്ക്കായി കാശ് കണ്ടെത്തേണ്ടി വരും ആ നാടക കലാകാരന്മാര്‍ക്ക്..നിയമം ഒക്കെ പാലിക്കുന്നത് കൊള്ളാം പക്ഷെ അത് എല്ലാവര്‍ക്കും ഒരു പോലെ ആകണം. സര്‍ക്കാര്‍ വാഹനത്തില്‍ പച്ചക്കറി മേടിക്കാനും, മക്കളെ സ്‌കൂളില്‍ വിടാനും, വീട്ടുകാര്‍ക്ക് ഷോപ്പിംഗിനും, ബാഡ്മിന്റണും ഗോള്‍ഫും കളിക്കാനും പോകുന്ന ഉദ്യോഗസ്ഥരെകൂടി പിടിച്ചു പിഴ ചുമത്തണം, പാവം നാടക കലാകാരന്മാരുടെ വണ്ടിയുടെ ബോര്‍ഡ് അളക്കാന്‍ കാണിക്കുന്ന ഈ ഉത്സാഹം സിനിമാ താരങ്ങളുടെയും, രാഷ്ട്രീയ നേതാക്കളുടെയും സമൂഹത്തിലെ മറ്റ് ഉയര്‍ന്ന ആളുകളുടെയും വാഹനങ്ങള്‍ കൂടി പരിശോധിക്കാന്‍ ഉണ്ടാകണം. പറഞ്ഞാല്‍ ഒത്തിരി കാര്യങ്ങള്‍ പറയേണ്ടി വരും.നിയമം നടപ്പിലാക്കേണ്ടത് സാധാരണക്കാരന്റെ മാത്രം നെഞ്ചത്തു കയറിയില്ല.മലയാളിയുടെ സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തു നാടകത്തിനുള്ള സ്ഥാനം ഈ ഉദ്യോഗസ്ഥര്‍ക്ക് അറിയാന്‍ യാതൊരു സാധ്യതയും ഇല്ലല്ലോ.സാമൂഹ്യ ബോധവും സാംസ്‌കാരിക ബോധവും എല്ലാവര്‍ക്കും ഉണ്ടായിക്കൊള്ളണം എന്നില്ലല്ലോ.

Exit mobile version