മൃതദേഹം കണ്ടെത്തുന്നതിന് 18 മുതല്‍ 20 മണിക്കൂര്‍ മുമ്പ് മരണം സംഭവിച്ചു; ദേവനന്ദയുടേത് മുങ്ങി മരണം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കൊല്ലം; കൊല്ലം ഇളവൂരിലെ ആറുവയസുകാരി ദേവനന്ദയുടേത് മുങ്ങിമരണം തന്നെയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹം കണ്ടെത്തുന്നതിന് 18 മുതല്‍ 20 മണിക്കൂര്‍ മുമ്പ് വരെ മരണം സംഭവിച്ചെക്കാമെന്നും മൃതദേഹം അഴുകി തുടങ്ങിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദേവനന്ദയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് വീട്ടുകാര്‍ രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഏറെ നിര്‍ണായകമായിരുന്നു. എന്നാല്‍ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ തന്നെയാണ് അന്തിമ റിപ്പോര്‍ട്ടിലും ഉള്ളത്.

വയറ്റില്‍ വെള്ളവും ചെളിയും നിറഞ്ഞിരുന്നതായും, മൃതദേഹം കണ്ടെത്തുന്നതിന് 18 മുതല്‍ 20 മണിക്കൂര്‍ മുമ്പ് വരെ മരണം സംഭവിച്ചിരിക്കാമെന്നും, മൃതദേഹം അഴുകി തുടങ്ങിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. അന്തിമ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

ഇനി ആന്തരിക രാസപരിശോധനാ ഫലമാണ് ലഭിക്കാനുള്ളത്. ഇതുകൂടി പുറത്തുവന്ന ശേഷമാവും അന്വേഷണ ഉദ്യോഗസ്ഥര്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കുക. അതേസമയം, മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഫോറന്‍സിക് സംഘം നാളെ ഉച്ചയോടെ ഇളവൂരിലെത്തി രേഖകള്‍ ശേഖരിക്കും.

പള്ളിമണ്‍ ഇളവൂര്‍ സ്വദേശികളായ പ്രദീപ് – ധന്യ ദമ്പതികളുടെ മകള്‍ ദേവനന്ദയെ വ്യാഴാഴ്ച രാവിലെ 9.30 നും 10.30 നും ഇടയിലാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ വെളളിയാഴ്ച രാവിലെയാണ് കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ഇത്തിക്കരയാറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. വാക്കനാട് സരസ്വതീ വിദ്യാനികേതന്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു ദേവനന്ദ.

Exit mobile version