വിദ്യാർത്ഥികളും രക്ഷിതാക്കളും ലഹരി വസ്തുക്കൾ ഉപയോഗിക്കരുത്; എന്നാൽ മാത്രം പ്രവേശനം: വിചിത്ര സർക്കുലറുമായി കാലിക്കറ്റ് സർവകലാശാല

മലപ്പുറം: കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ കോളജുകളിൽ ഇനി മുതൽ അഡ്മിഷൻ ലഭിക്കണമെങ്കിൽ ലഹരിവസ്തുക്കൾ ഉപയോഗിക്കില്ലെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും സത്യവാങ്മൂലം നൽകണം. ഇത്തരത്തിലുള്ള സത്യവാങ്മൂലം നൽകിയാൽ മാത്രമേ പ്രവേശനം അനുവദിക്കേണ്ടതുള്ളൂ എന്ന സർക്കുലറാണ് കാലിക്കറ്റ് സർവകലാശാല പുറത്തിറക്കിയിരിക്കുന്നത്. ഫെബ്രുവരി 27നാണ് വിചിത്രമായ സർക്കുലർ കാലിക്കറ്റ് സർവകലാശാല പുറത്തിറക്കിയിരിക്കുന്നത്.

പുതിയ സർക്കുലർ പ്രകാരം ഇനി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന എയ്ഡഡ് കോളേജുകളിലും സ്വാശ്രയ കോളേജുകളിലും പ്രവേശനം ലഭിക്കണമെങ്കിൽ വിദ്യാർത്ഥിയോ രക്ഷിതാവോ ഒരു തരത്തിലുമുള്ള ലഹരിയും ഉപയോഗിക്കുന്നില്ല എന്ന് സത്യവാങ്മൂലം നൽകണം. 2020-21 അധ്യയനവർഷം മുതൽ സർക്കുലറിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നൽകേണ്ടത് എന്ന നിർദേശമാണ് ഉള്ളത്.

ലഹരി വിരുദ്ധ കമ്മിറ്റിയുടെ നിർദേശ പ്രകാരമാണ് ഇത്തരമൊരു സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം നടന്ന സമിതി യോഗ തീരുമാനം വിദ്യാർത്ഥി ക്ഷേമവിഭാഗം ഡീൻ ഒരു സർക്കുലറിലൂടെ എല്ലാ കോളേജുകളിലേയും പ്രിൻസിപ്പൽമാർക്ക് ഇമെയിൽ ചെയ്യുകയായിരുന്നു.

കഴിഞ്ഞ വർഷം ജനുവരി ഒന്നിന് ചേർന്ന ലഹരി വിരുദ്ധ സമിതി യോഗത്തിന്റെ ശുപാർശകൾ നടപ്പാക്കാൻ സർവകലാശാലയിൽ ഉത്തരവായിട്ടുണ്ട്. യോഗത്തിലെ മൂന്നാമത്തെ ശുപാർശയായ യൂണിവേഴ്‌സിറ്റി/അഫിലിയേറ്റഡ് കോളേജ് അഡ്മിഷൻ വേളയിൽ ‘ലഹരി വസ്തുക്കളുടെ ഉപഭോഗമോ, വിനിമയമോ ആയി ബന്ധപ്പെട്ട പ്രവൃത്തികളിൽ ഏർപ്പെടില്ലെന്നും അത്തരം പ്രവൃത്തികൾക്കുള്ള ശിക്ഷ മുന്നറിയിപ്പില്ലാതെ സ്വീകരിക്കുമെന്നും അറിയിക്കുന്നു.’ എന്ന സത്യവാങ്മൂലമാണ് എല്ലാ വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും വാങ്ങാൻ നിർദേശിച്ചിരിക്കുന്നത്. എല്ലാ വകുപ്പ് മേധാവികളും അഫിലിയേറ്റഡ് കോളേജ് പ്രിൻസിപ്പൽമാരും കർശനമായി പാലിക്കണം.

അതേസമയം, സർക്കുലർ വിവാദമായ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് മാത്രമേ ഈ ഉത്തരവ് ബാധകമാകൂ എന്ന് സർവകലാശാല അറിയിച്ചു.

Exit mobile version