നടപടി ഏകപക്ഷീയം; വിദ്വേഷ പ്രസംഗം നടത്തിയ യുവാവിനെ പിന്തുണച്ചും കേരള പോലീസിനെ വിമര്‍ശിച്ചും കെ സുരേന്ദ്രന്‍

കണ്ണൂര്‍: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് ലൈവിലൂടെ വിദ്വേഷപ്രസംഗം നടത്തിയതിന് അടപ്പാടി പോലീസ് അറസ്റ്റ് ചെയ്ത ശ്രീജിത്തിനെ പിന്തുണച്ചും പോലീസ് നടപടിയെ വിമര്‍ശിച്ചും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്. ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ ശേഷം ആദ്യമായി കണ്ണൂരില്‍ എത്തിയ സുരേന്ദ്രന് പ്രവര്‍ത്തകര്‍ ഒരുക്കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കവേയായിരുന്നു സുരേന്ദ്രന്റെ പരാമര്‍ശം.

ഡല്‍ഹി കലാപത്തെക്കുറിച്ച് കേരളത്തില്‍ പ്രചരിപ്പിക്കുന്നത് വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ്. അവിടെ നടന്നതിന്റെ നേര്‍ വിപരീതമായ കാര്യങ്ങള്‍ ഇവിടെ ആസൂത്രതിമായി പറഞ്ഞു പരത്തുന്നു. ഇതിനെ കുറിച്ച് പറഞ്ഞ ശ്രീജിത്തിനെ അറസ്റ്റ് ചെയ്തു. യുവാവിനെ അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങള്‍ അടക്കം പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ് കേരള പോലീസ് ചെയ്തത്. ഇത് ഏകപക്ഷീയമായ നടപടിയാണ്. ഈ നടപടി അനുവദിച്ചു തരില്ല- കെ സുരേന്ദ്രന്‍ പറഞ്ഞു.

ജനങ്ങളെ ഭിന്നിപ്പിക്കുന്ന തരത്തില്‍ ആയിരക്കണക്കിന് ജിഹാദികളും ഇടതുപക്ഷ-കോണ്‍ഗ്രസ് പ്രവര്‍ത്തകരും സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നുണ്ട്. എന്നാല്‍ അവര്‍ക്കെതിരെ പരാതി നല്‍കിയിട്ടും ഇതുവരെ യാതൊരു നടപടിയും പോലീസ് എടുത്തില്ലെന്നും കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

Exit mobile version