ഗാന്ധിയെ കൊന്നത് ഗോഡ്സേ എന്ന് ഗോപാല്‍ മേനോന്‍; യൂസ്‌ലെസ് എന്ന് വിളിച്ചാക്ഷേപിച്ച് ബിജെപി നേതാവ്; അതൊക്കെ അങ്ങ് വീട്ടില്‍ പോയി വിളിച്ചാല്‍ മതിയെന്ന് മറുപടി

പരാമര്‍ശിച്ച ഡോക്യുമെന്ററി സംവിധായകന്‍ ഗോപാല്‍ മേനോനെ യൂസ്ലെസ് എന്ന് വിളിച്ചാക്ഷേപിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യര്‍.

കൊച്ചി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വധിച്ചത് നാഥുറാം ഗോഡ്സേ ആണെന്ന് പരാമര്‍ശിച്ച ഡോക്യുമെന്ററി സംവിധായകന്‍ ഗോപാല്‍ മേനോനെ യൂസ്ലെസ് എന്ന് വിളിച്ചാക്ഷേപിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാമക്ഷേത്രം ഉയര്‍ത്തിക്കാണിച്ചു രംഗത്തുവരുന്ന ബിജെപിയുടെ നയത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള മീഡിയാ വണ്‍ ചാനലിലെ സ്പെഷ്യല്‍ എഡിഷന്‍ ചര്‍ച്ചയ്ക്കിടെയാണ് ഗോപാല്‍ മേനോനും സന്ദീപ് വാര്യരും തമ്മില്‍ വാക്കേറ്റമുണ്ടായത്.

‘ഗാന്ധിയെ കൊന്നത് ഗോഡ്സേ ആണെന്ന് ലോകത്തില്‍ എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ഇപ്പോള്‍ ഗോഡ്സേയ്ക്ക് വേണ്ടി ഒരു നഗരം കൂടി ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് യുപി സര്‍ക്കാര്‍’ എന്ന ഗോപാല്‍ മേനോന്റെ പരാമര്‍ശമാണ് ബിജെപി പ്രതിനിധിയെ പ്രകോപിപ്പിച്ചത്.

ചര്‍ച്ചയുടെ സുഗമമായ മുന്നോട്ട് പോക്കിന് ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ ഉപകരിക്കില്ലെന്നും പ്രതികരിക്കാന്‍ അറിയാഞ്ഞിട്ടല്ല, പക്ഷെ ഗോപാല്‍ മേനോന്‍ പോലുള്ള യൂസ്ലെസ്സുകളോട് പ്രതികരിച്ച് എന്റെ സമയം കളയാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു സന്ദീപിന്റെ മറുപടി.

ഗാന്ധിയെ കൊന്നത് ഗോഡ്സേ ആണെന്ന് പറയുന്ന ഒരാളെ യൂസ്ലെസ് എന്ന് വിളിക്കരുതെന്നായിരുന്നു അവതാരകന്‍ പറഞ്ഞത്.

എന്നാല്‍ ഈ രീതിയില്‍ സംസാരിച്ചാല്‍ മറുപടി പറയേണ്ടി വരും എന്നായി സന്ദീപ്. എന്നാല്‍ സന്ദീപിന് ഒന്നും പറയാനില്ലെന്നും മറുപടി കേള്‍ക്കാനാണ് ഇവിടെ ഇരിക്കുന്നതെന്നു ഗോപാല്‍ തിരിച്ചടിച്ചു.

തുടര്‍ന്ന് ക്ഷുഭിതനായ സന്ദീപ്, എടോ തന്നോടൊന്നും മറുപടി പറയേണ്ട കാര്യമില്ല താന്‍ അത്രയ്‌ക്കൊന്നും വലിയ ആളല്ല എന്ന് പറഞ്ഞു. താന്‍ എന്നൊക്കെ വീട്ടില്‍ പോയി വിളിച്ചാല്‍ മതിയെന്ന് ഗോപാല്‍ മേനോനും തിരിച്ചടിച്ചു.

പ്രതിപക്ഷ ബഹുമാനം വെക്കാതെ വ്യക്തിപരമായി ആക്ഷേപിക്കരുതെന്ന് അവതാരകന്‍ പറഞ്ഞപ്പോള്‍ ഗാന്ധിജിയെ കൊന്നത് ഗോഡ്സേ ആണെന്നും ആര്‍എസ്എസ് ആണെന്നും ഈ ചാനലില്‍ പറഞ്ഞാല്‍ എനിക്ക് കൂടുതല്‍ സംസാരിക്കാന്‍ താല്‍പര്യമില്ല എന്നായിരുന്നു സന്ദീപിന്റെ വിശദീകരണം.

Exit mobile version