ലോക കേരളസഭ ഭക്ഷണ വിവാദം: പണം ആവശ്യമില്ലെന്ന് റാവിസ് ഗ്രൂപ്പ്; ഒരു രൂപ പോലും ആവശ്യപ്പെട്ടിട്ടില്ലെന്ന് രവി പിള്ള

തിരുവനന്തപുരം: ലോക കേരളസഭയ്ക്കായി ഭക്ഷണത്തിന് മാത്രം അരക്കോടിയിലേറെ ചെലവിട്ടെന്ന വിവാദത്തിനൊടുവിൽ ഭക്ഷണത്തിന്റെ പണം ആവശ്യമില്ലെന്ന് അറിയിച്ച് റാവിസ് ഗ്രൂപ്പ്. ഇതോടെ ചെലവിട്ട 80 ലക്ഷം രൂപയാണ് റാവിസ് ഗ്രൂപ്പ് വേണ്ടെന്ന് വെയ്ക്കുന്നത്. സർക്കാരിനോട് തങ്ങൾ പണം ആവശ്യപ്പെട്ടിട്ടില്ലെന്നും ബില്ല് കൈമാറുക മാത്രമാണ് ചെയ്തതെന്നും ഉടമകൾ വ്യക്തമാക്കി. വലിയ തുക ചെലവാക്കിയെന്ന വിവാദത്തെ തുടർന്നാണ് റാവിസ് ഗ്രൂപ്പിന്റെ തീരുമാനം

സർക്കാരിൽ നിന്ന് പണം ഈടാക്കാൻ ഉദ്ദേശിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഒരു ബിൽ നൽകുക മാത്രമാണ് ചെയ്തിട്ടുള്ളത്. അല്ലാതെ പണം വാങ്ങിയിട്ടില്ല. പരിപാടി സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് ഒരുരൂപ പോലും സർക്കാരിനോട് തങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്ന് റാവിസ് ഗ്രൂപ്പ് ചെയർമാൻ രവി പിള്ളയുടെ വാർത്താക്കുറിപ്പിൽ പറയുന്നു.

ലോക കേരള സഭയുമായി ബന്ധപ്പെട്ടുയർന്നത് അനാവശ്യ വിവാദമാണെന്നും ലോക കേരളസഭയുടെ ഭാഗമാണ് റാവിസ് ഗ്രൂപ്പും രവി പിള്ളയും. അതുകൊണ്ടുതന്നെ ഭക്ഷണത്തിന് പണം ഈടാക്കുന്നത് ശരിയായ നടപടിയല്ല. അതിനാൽ പണം ഈടാക്കാൻ താത്പര്യവുമില്ലെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു.

Exit mobile version