തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടിക: സുപ്രീംകോടതിയിൽ തടസ ഹർജി നൽകാൻ ഒരുങ്ങി മുസ്ലിം ലീഗ്

ന്യൂഡൽഹി: തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയെ സംബന്ധിച്ച കേസിൽ സുപ്രീംകോടതിയിൽ മുസ്ലിം ലീഗിന്റെ തടസ ഹർജി. നാദാപുരം മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരിയാണ് സുപ്രീംകോടതിയിൽ തടസ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. 2015 ലെ വോട്ടർ പട്ടിക ഉപയോഗിക്കുന്നത് ഹൈക്കോടതി വിലക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയെ സമീപിക്കാനിരിക്കെയാണ് ലീഗിന്റെ നീക്കം. ഹർജി കോടതിയിലെത്തിയാൽ ലീഗിന്റെ വാദം കൂടി കേൾക്കണമെന്നാണ് ആവശ്യം.

മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ ആയിരിക്കും ലീഗിനായി ഹാജരാകുക. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ഒരു കാരണവശാലും വൈകിപ്പിക്കരുതെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

2015ലെ വോട്ടർപട്ടിക അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. ഇതിനെ ചോദ്യംചെയ്ത് യുഡിഎഫ് സമർപ്പിച്ച അപ്പീൽ അംഗീകരിച്ചു കൊണ്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് 2015-ലെ വോട്ടർപട്ടിക ഉപയോഗിക്കരുതെന്ന് ഉത്തരവിട്ടത്. 2019ലെ വോട്ടർപട്ടിക ഉപയോഗിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് നടത്താമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് റദ്ദാക്കിക്കൊണ്ട് ഹൈക്കോടതിക്ക് നിർദേശം നൽകി. പുതിയ വോട്ടർ പട്ടിക സാമ്പത്തികബാധ്യതയെന്നായിരുന്നു സർക്കാർ വാദം.

Exit mobile version