നെടുങ്കണ്ടം കസ്റ്റഡി മരണം: ഒന്നാം പ്രതി മുൻ എസ്‌ഐ സാബുവിനെ സിബിഐ അറസ്റ്റ് ചെയ്തു

കൊച്ചി: പോലീസിനെ വിവാദത്തിലാക്കിയ നെടുങ്കണ്ടത്തെ രാജ്കുമാർ കസ്റ്റഡി മരണക്കേസിൽ ഒന്നാം പ്രതി മുൻഎസ്ഐ സാബുവിനെ സിബിഐ അറസ്റ്റ് ചെയ്തു. ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയതിന് പിന്നാലെയാണ് സാബുവിന്റെ അറസ്റ്റ്. ഞായറാഴ്ച രാത്രി കൊച്ചിയിൽവെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതി നിർദേശപ്രകാരം ഒരുമാസം മുമ്പാണ് നെടുങ്കണ്ടം കസ്റ്റഡി മരണക്കേസ് സിബിഐ ഏറ്റെടുത്തിരുന്നത്.

സാമ്പത്തിക തട്ടിപ്പുകേസിൽ കസ്റ്റഡിയിലെടുത്ത രാജ്കുമാറിനെ കഴിഞ്ഞ ജൂൺ 21നാണ് പോലീസ് കസ്റ്റഡിയിലിരിക്കെയാണ് മർദ്ദിച്ചു കൊലപ്പെടുത്തിയത്.

പോലീസ് കസ്റ്റഡിയിലെടുത്ത് രാജ്കുമാറിനെ മർദ്ദിച്ചു കൊലാപ്പെടുത്തിയെന്ന കേസിൽ ആകെ ഏഴ് പ്രതികളാണുള്ളത്. എല്ലാവരും പോലീസ് ഉദ്യോഗസ്ഥരാണ്. അന്വേഷണം നടക്കുന്നതിനിടയിൽ ഏഴ് പ്രതികളും മുൻകൂർ ജാമ്യം നേടിയിരുന്നു. ഇത് വലിയ വിവാദമായതോടെയാണ് ഒന്നാംപ്രതി സാബുവിന്റെ ജാമ്യം റദ്ദാക്കാൻ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.

സാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ കേസിലെ മറ്റ് ആറ് പ്രതികളുടെ ജാമ്യം റദ്ദാക്കാനും സിബിഐ കോടതിയെ സമീപിക്കും. സിബിഐ എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Exit mobile version