മലയാളികള്‍ വിയര്‍ക്കും; കുംഭച്ചൂട് ഉയരുന്നു; നാല് ജില്ലകള്‍ക്കുകൂടി മുന്നറിയിപ്പ്; ജാഗ്രത

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ചൂട് കൂടുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കുംഭച്ചൂട് ഉയരുന്ന സാഹചര്യത്തില്‍ നാല് ജില്ലകള്‍ക്കുകൂടി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ശനിയാഴ്ച രണ്ടുമുതല്‍ നാലുഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുകൂടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ പകല്‍ താപനില ഉയരുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. വരണ്ട കിഴക്കന്‍കാറ്റും കടല്‍ക്കാറ്റിന്റെ സ്വാധീനംകുറഞ്ഞതും അന്തരീക്ഷ ആര്‍ദ്രതയുമാണ് ചൂട് കൂടാന്‍ കാരണം.

മുന്‍വര്‍ഷങ്ങളേക്കാള്‍ ചൂട് കൂടുതലായതിനാല്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രതവേണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. സൂര്യാഘാതവും മറ്റുമുണ്ടാകാതിരിക്കാന്‍ ജാഗ്രതപാലിക്കണമെന്നും അറിയിച്ചു.

കഴിഞ്ഞദിവസം 37.3 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയ ആലപ്പുഴയില്‍ 4.6 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ദീര്‍ഘകാല ശരാശരിയില്‍ കൂടുതലായിരുന്നു. രാവിലെയുള്ള കുറഞ്ഞ താപനില 25.8 ഡിഗ്രിസെല്‍ഷ്യസ് ആയിരുന്നു. ഇതും 2.5 ഡിഗ്രിസെല്‍ഷ്യസ് കൂടുതലാണ്.

കോട്ടയത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് 37 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു പകല്‍താപനില. 3.5 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍. കുറഞ്ഞ താപനില 24.2 ഡിഗ്രി സെല്‍ഷ്യസ്. തിരുവനന്തപുരത്ത് വലിയ വര്‍ധനയുണ്ടായില്ല. 34.1 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു പകല്‍ താപനില. 1.3 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍. ഉയര്‍ന്ന ചൂട് 32.7 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 26.1 ഡിഗ്രി സെല്‍ഷ്യസും.

കണ്ണൂരില്‍ 37.3 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു പകല്‍ താപനില. 3.9 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതലാണിത്. പുനലൂരില്‍ 36.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ഇതുംശരാശരിയില്‍നിന്ന് 1.3 ഡിഗ്രി സെല്‍ഷ്യസ് അധികമാണ്.

Exit mobile version