ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന കെഎസ്ആര്‍ടിസി ബസ്സിന് തീപിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സീതത്തോട്: ശബരിമല തീര്‍ത്ഥാടകരുമായി പോയ കെഎസ്ആര്‍ടിസി ബസ് വനത്തിനുള്ളില്‍വെച്ച് കത്തിനശിച്ചു. ഇതുവഴി വന്ന പോലീസുകാര്‍ ഇടപെട്ട് യാത്രക്കാരെ വേഗത്തില്‍ പുറത്തിറക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സംഭവത്തില്‍ മൂന്ന് തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു.

നിലയ്ക്കലില്‍നിന്ന് പമ്പയിലേക്ക് പോകുന്ന വഴി വെള്ളിയാഴ്ച വൈകീട്ട് 6.50-ഓടെ ചാലക്കയത്തിന് സമീപം ഒറ്റക്കല്ല് ഭാഗത്താണ് വെച്ചാണ് കെഎസ്ആര്‍ടിസി ലോഫ്‌ളോര്‍ ബസ്സിന് തീപിടിച്ചത്. പുക കണ്ടപ്പോള്‍ ബസ് നിര്‍ത്തി ഡ്രൈവറും കണ്ടക്ടറും പരിശോധിക്കുമ്പോഴേക്കും ടയറില്‍നിന്ന് ഡീസല്‍ടാങ്കിലേക്ക് തീപടര്‍ന്നു.

ഈ സമയം പത്തനംതിട്ടയില്‍നിന്ന് പമ്പയിലേക്ക് പോയ പോലീസ് ജീപ്പ് നിര്‍ത്തി വേഗം പുറത്തിറങ്ങാന്‍ തീര്‍ത്ഥാടകരോട് നിര്‍ദേശിച്ചു. രണ്ടുവാതിലുകളിലൂടെയും വശങ്ങളിലൂടെയും ഇവര്‍ രക്ഷപ്പെടുകയായിരുന്നു. പലരുടെയും ഇരുമുടിക്കെട്ടും തോള്‍സഞ്ചികളും നഷ്ടപ്പെട്ടു. 70ഓളം യാത്രക്കാരെയാണ് പോലീസ് രക്ഷപ്പെടുത്തിയത്.

സംഭവത്തില്‍ പരിക്കേറ്റ കര്‍ണാടക സ്വദേശികളായ കീര്‍ത്തന്‍, ചേരന്‍ എന്നിവരെ പമ്പ ഗവ. ആശുപത്രിയിലും പ്രമോദ് എന്നയാളെ പത്തനംതിട്ട ജനറലാശുപത്രിയിലും പ്രവേശിപ്പിച്ചു.മൊബൈല്‍ റെയ്ഞ്ച് ഇല്ലാത്ത സ്ഥലമായതിനാല്‍ അപകടവിവരം പുറത്ത് അറിയിക്കാന്‍ കഴിഞ്ഞില്ല.

വയര്‍ലെസ് സന്ദേശവും നല്‍കാന്‍ കഴിയാതെവന്നതോടെ പോലീസ് ജീപ്പ് പമ്പയിലേക്ക് പോയി അഗ്‌നിരക്ഷാസേനയെ സംഭവസ്ഥലത്ത് എത്തിച്ചു. തീയണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും സേനയുടെ വാഹനത്തിലെ വെള്ളം തീര്‍ന്നു. ഇതിനിടെ പോലീസ് അറിയിച്ചതനുസരിച്ച് നിലയ്ക്കലില്‍നിന്ന് അഗ്‌നിരക്ഷാസേന എത്തിയെങ്കിലും അതിനുമുമ്പ് ബസ് പൂര്‍ണമായും കത്തിയമര്‍ന്നു.

അതിനിടെ വനത്തിലേക്കും തീ പടര്‍ന്നെങ്കിലും അഗ്നിരക്ഷാസേന ഇടപെട്ട് അണച്ചു. ഒരു മണിക്കൂറോളമാണ് പമ്പ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടത്. ബസിന്റെ ടയര്‍ കത്തിയതാണ് തീപ്പിടിത്തത്തിന് കാരണമെന്ന് പമ്പ പോലീസ് പറഞ്ഞു.

Exit mobile version