തിരുവനന്തപുരം: നടൻ ദിലീപിന്റെ സിനിമ കെഎസ്ആർടിസി ബസിൽ പ്രദർശിപ്പിച്ചതിന്റെ പേരിൽ പ്രതിഷേദം. തിരുവനന്തപുരം- തൊട്ടില്‍പ്പാലം കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസില്‍ ആണ് സംഭവം.
ശനിയാഴ്ച വൈകീട്ടാണ് സംഭവം. നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ ദിലീപിൻ്റെ സിനിമ ബസിൽ പ്രദർശിപ്പിച്ചതിനായിരുന്നു തർക്കം.
ബസില്‍ കുടുംബസമേതം സഞ്ചരിച്ച പത്തനംതിട്ട സ്വദേശിനി രശ്മി ആർ ശേഖറാണ് പ്രതിഷേധവുമായി ആദ്യമെത്തിയത്. ‘പറക്കുംതളിക’ എന്ന സിനിമയാണ് പ്രദര്‍ശിപ്പിച്ചത്.
ഇതോടെ ഈ വഷളന്റെ സിനിമയാണല്ലോ പ്രദര്‍ശിപ്പിക്കുന്നതെന്ന് രശ്മിയുടെ മകന്‍ അഭിപ്രായപ്പെട്ടു. ഇതോടെ രശ്മി കണ്ടക്ടറോട് പറഞ്ഞ് സിനിമ ഒഴിവാക്കാനോ അല്ലെങ്കില്‍ മറ്റേതെങ്കിലും സിനിമ പ്രദര്‍ശിപ്പിക്കാനോ ആവശ്യപ്പെട്ടു.
പിന്നാലെ ബസിലെ മറ്റു ചില യാത്രക്കാരും പിന്തുണച്ചു. എന്നാൽ കുറ്റവിമുക്തനായ സാഹചര്യത്തില്‍ ദിലീപ് ചിത്രം വയ്ക്കുന്നതില്‍ തെറ്റില്ലെന്ന് അഭിപ്രായപ്പെട്ടവരും ബസിലുണ്ടായിരുന്നു.
കണ്ടക്ടര്‍ ആദ്യഘട്ടത്തില്‍ ആവശ്യം നിരാകരിച്ചു. അടുത്ത സ്റ്റോപ്പായ വട്ടപ്പാറയിലേക്ക് ടിക്കറ്റ് നല്‍കി അവിടെ ഇറങ്ങാന്‍ രശ്മിയോടു ആവശ്യപ്പെടുകയും ചെയ്തു. അടൂരിലേക്കായിരുന്നു രശ്മിയ്ക്കു പോവേണ്ടിയിരുന്നത്.
ബസിലുള്ള യാത്രക്കാരില്‍ ഭൂരിഭാഗം പേരും ദിലീപിന്റെ ചിത്രം വേണ്ട എന്ന നിലപാട് സ്വീകരിച്ചതോടെ കണ്ടക്ടര്‍ സിനിമ പ്രദർശിപ്പിക്കുന്നത് ഒഴിവാക്കി.
