ഭരണഘടന കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വം; പൗരത്വത്തിന്റെ പേരില്‍ ജനിച്ച മണ്ണില്‍ നിന്ന് ആട്ടിപ്പായിക്കാമെന്ന് ആരും കരുതേണ്ടെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍

കല്‍പ്പറ്റ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് മുസ്‌ലിം ലീഗ് അധ്യക്ഷനും സമസ്ത വൈസ് പ്രസിഡന്റുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍.പൗരത്വത്തിന്റെ പേരില്‍ ജനിച്ച മണ്ണില്‍ നിന്ന് ആട്ടിപ്പായിക്കാമെന്ന് ആരും കരുതേണ്ടെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

വയനാട് കല്‍പ്പറ്റയില്‍ സമസ്ത വയനാട് ജില്ലാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ആസാദി കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കേണ്ടത് ഭരണകര്‍ത്താക്കളുടെയും ഓരോ ഇന്ത്യന്‍ പൗരന്റെയും ഉത്തരവാദിത്തമാണെന്നും ഹൈദരലി തങ്ങള്‍ ഓര്‍മ്മിപ്പിച്ചു.

എന്നാല്‍ ഇന്ന് ചിലര്‍ ഭരണഘടനയെ വക്രീകരിച്ച് പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് നടത്തുന്നതെന്നും ഭരണഘടന നിലനില്‍ക്കുന്നിടത്തോളം കാലം സ്വന്തം രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള ഫാഷിസ്റ്റ് ശക്തികളുടെ ശ്രമം വിജയിക്കില്ലെന്നും തങ്ങള്‍ വ്യക്തമാക്കി.

ഏതെങ്കിലും ഒരു വ്യക്തിയോ സംഘടനയോ മതവിഭാഗമോ അല്ല രാജ്യത്തെ പൗരന്‍മാരുടെ വ്യക്തിത്വത്തെ പ്രതിനിധാനം ചെയ്യുന്നത്. പ്രദേശികവും ഭാഷാപരവുമായ വേര്‍തിരിവുകളും പൗരത്വത്തിന് നിധാനമല്ലെന്നും മറിച്ച് രാജ്യത്തിന്റെ ഭരണഘടനയാണ് പൗരന്റെ അസ്ഥിത്വം പ്രകടമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version