ഡല്‍ഹി തെരഞ്ഞെടുപ്പ്; പരാജയത്തിനിടയിലും കെജരിവാളിനെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തില്‍ ആം ആദ്മി പാര്‍ട്ടിയെയും മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെയും പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു അഭിനന്ദനം. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ വിജയിച്ച എഎപിക്കും അരവിന്ദ് കെജരിവാളിനും എന്റെ അഭിനന്ദനവും ആശംസകളുമെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.

70 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 63 സീറ്റുകള്‍ നേടിയാണ് ആം ആദ്മി ഭരണത്തുടര്‍ച്ച നേടിയത്. ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് ആംആദ്മി ഡല്‍ഹിയില്‍ അധികാരത്തില്‍ വരുന്നത്. ബിജെപി 7 സീറ്റുകള്‍ നേടി. അതെസമയം രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് പാര്‍ട്ടി തുടര്‍ച്ചയായ രണ്ടാം തവണയും തകര്‍ന്നടിഞ്ഞിരുന്നു. തുടര്‍ച്ചയായ രണ്ടാം തെരഞ്ഞെടുപ്പിലും ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് അക്കൗണ്ട് തുറക്കാനായില്ല. വോട്ട് വിഹിതത്തിലും കുറവ് വന്നു. തുടര്‍ച്ചയായി മൂന്ന് ടേം ഡല്‍ഹി ഭരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയാന്‍ കാരണം അലസമായ പ്രചാരണം, നേതൃത്വത്തിന്റെ അഭാവം, ബലമില്ലാത്ത സംഘാടനം എന്നിവയാണെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ജനവിധി അംഗീകരിക്കുന്നു. താഴേക്കിടയിലുള്ള പ്രവര്‍ത്തനത്തിലൂടെ ഡല്‍ഹിയില്‍ കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരുമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്ദീപ് സിംഗ് സുര്‍ജേവാലെ പറഞ്ഞു.

Exit mobile version