കോഴിമുട്ടയിലും വ്യാജന്‍; നാടന്‍ മുട്ടയെന്ന പേരില്‍ വിപണിയിലെത്തുന്നത് രാസവസ്തുക്കള്‍ ചേര്‍ത്ത് നിറംമാറ്റിയ കോഴിമുട്ടകള്‍; വെള്ളത്തിലിട്ടാല്‍ നിറം ഇളകിവരും

കോയമ്പത്തൂര്‍: ഇനി കടകളില്‍ നിന്നും നാടന്‍ കോഴിമുട്ട വാങ്ങുന്നവര്‍ ശ്രദ്ധിക്കുക, നാടന്‍മുട്ടയെന്നപേരില്‍ വിപണിയിലെത്തുന്നത് നിറംമാറ്റിയ കോഴിമുട്ടകളാണെന്ന് റിപ്പോര്‍ട്ട്. കേരളത്തിലേക്ക് വന്‍തോതില്‍ കോഴിമുട്ടയെത്തുന്ന തമിഴ്‌നാട്ടില്‍നിന്നുതന്നെയാണ് ഈ നിറം മാറ്റിയ മുട്ടകളും സംസ്ഥാനത്തേക്ക് എത്തുന്നത്.

കോഴിമുട്ടകള്‍ക്ക് നാടന്‍ മുട്ടകളുടെ നിറം നല്‍കി വിപണിയില്‍ എത്തിക്കുന്ന വിവരം ലഭിച്ചതോടെ കോയമ്പത്തൂരില്‍ ആറ് സ്ഥലങ്ങളിലായി നടത്തിയ പരിശോധനയില്‍ 3,900 മുട്ടകള്‍ കഴിഞ്ഞദിവസം കണ്ടെത്തി. ഭക്ഷ്യസുരക്ഷാ-നിലവാര അതോറിറ്റി ഉദ്യോഗസ്ഥന്‍ തമിഴ്‌ശെല്‍വന്റെ നേതൃത്വത്തില്‍ ഞായറാഴ്ചയായിരുന്നു പരിശോധന.

രാസവസ്തുക്കള്‍, ചായപ്പൊടിയുടെ കറ തുടങ്ങിയവ ഉപയോഗിച്ചാണ് നിറം മാറ്റുന്നത്. ലഗോണ്‍ മുട്ടക്കോഴിയിടുന്ന വെള്ളമുട്ടകളാണ് വിപണിയില്‍ കൂടുതലുമെത്തുന്നത്. ദക്ഷിണേന്ത്യയിലെ പ്രധാന മുട്ട ഉത്പാദകകേന്ദ്രമായ തമിഴ്‌നാട്ടില്‍നിന്നാണ് വന്‍തോതില്‍ കോഴിമുട്ട കയറ്റുമതിയുള്ളത്. കയറ്റുമതിക്ക് മുട്ടകള്‍ക്ക് നിശ്ചിത തൂക്കം ആവശ്യമാണെന്നതിനാല്‍ തൂക്കം കുറവുള്ള മുട്ടകള്‍ തരംതിരിച്ച് മാറ്റും.

ഇത്തരം മുട്ടകളാണ് നാടന്‍ മുട്ടകളെന്ന പേരില്‍ നിറം മാറ്റി വിപണിയിലെത്തിക്കുന്നത്. സാധാരണ നാന്‍മുട്ടകള്‍ക്ക് തൂക്കവും വലിപ്പവും കുറവാണ്. അഞ്ചുരൂപയ്ക്ക് വെള്ളമുട്ട വില്‍ക്കുമ്പോള്‍ നാടന്‍മുട്ടയെന്ന പേരില്‍ ഏഴും എട്ടും രൂപയ്ക്കാണ് നിറംമാറ്റിയ മുട്ട വില്‍ക്കുന്നത്. വാങ്ങുന്നവര്‍ക്കും സംശയം തോന്നില്ല. എന്നാല്‍, കുറച്ചുനേരം വെള്ളത്തിലിട്ടാല്‍ ഇത്തരം മുട്ടകളുടെ നിറം ഇളകിവരും.

Exit mobile version