അന്തരിച്ച ഒമാന്‍ സുല്‍ത്താന്റെ ആത്മശാന്തിക്ക് വേണ്ടി ക്ഷേത്രത്തില്‍ അന്നദാനം നടത്തി പ്രവാസി മലയാളികള്‍; തിറ മഹോത്സവത്തോട് അനുബന്ധിച്ച് നാലായിരത്തോളം പേര്‍ക്ക് ഭക്ഷണം നല്‍കി

കോഴിക്കോട്: അന്തരിച്ച ഒമാന്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ ആത്മശാന്തിക്ക് വേണ്ടി ക്ഷേത്രത്തില്‍ അന്നദാനം. കോഴിക്കോട് എടച്ചേരി കാക്കന്നൂര്‍ ക്ഷേത്രത്തിലെ തിറ മഹോത്സവത്തോട് അനുബന്ധിച്ചായിരുന്നു ഒമാന്‍ സുല്‍ത്താന്റെ പേരില്‍ അന്നദാനം നടത്തിയത്.

ഖാബൂസ് ബിന്‍ സഈദിന് വേണ്ടി ഒമാനില്‍ ജോലി ചെയ്യുന്ന മലയാളികളാണ് ക്ഷേത്രത്തില്‍ അന്നദാനത്തിന് നേതൃത്വം നല്‍കിയത്. ഖാബൂസ് ബിന്‍ സഈദിന്റെ പടം വെച്ചുള്ള ഫ്‌ലക്‌സുകള്‍ വച്ച് തിറ മഹോത്സവത്തിനെത്തിയ ജനങ്ങളെ അന്നദാന പരിപാടിയിലേക്ക് ക്ഷണിച്ചു.

ഏകദേശം നാലായിരത്തോളം ആളുകള്‍ക്കാണ് സുല്‍ത്താന്റെ പേരില്‍ അന്നദാനം നല്‍കിയത്. സുല്‍ത്താന്റെ ആത്മശാന്തിക്ക് വേണ്ടി അന്നദാനം നടത്താന്‍ പിന്തുണ തേടി പ്രവാസി മലയാളികള്‍ ക്ഷേത്രകമ്മിറ്റിയെ സമീപിച്ചപ്പോള്‍ അന്നദാനത്തിന് പിന്തുണ നല്‍കി അവരും കൂടെ കൂടുകയായിരുന്നു.

ഇതിന് മുമ്പും സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിനായി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനകളും പൂജകളും നടന്നിട്ടുണ്ട്. ചികിത്സയില്‍ കഴിഞ്ഞ സമയത്ത് രോഗ ശാന്തിക്കായി കാക്കന്നൂര്‍ ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തിയിരുന്നു.

Exit mobile version