കൊറോണയെ കണ്ടവരുണ്ടോ? ഒരു വൈറസും, ബാക്ടീരിയയും മനുഷ്യശരീരത്തിൽ കയറി രോഗമുണ്ടാക്കില്ല; വീണ്ടും വ്യാജപ്രചരണങ്ങളുമായി ജേക്കബ് വടക്കഞ്ചേരി

തൃശ്ശൂർ: കൊറോണ വൈറസിനെ ആരും കണ്ടിട്ടില്ലെന്നും വൈറസുകൾ ജീവൻ അപഹരിക്കില്ലെന്നുമുള്ള വ്യാജ സന്ദേശം പ്രചരിപ്പിച്ച് ജേക്കബ് വടക്കഞ്ചേരി. കൊറോണയുടെ പേരിൽ നടക്കുന്നത് ചിലരുടെ തിരക്കഥയാണെന്നും, ഈ അണുക്കളെ കൊല്ലണമെന്നാവശ്യപ്പെടുന്നവർ പോലും കൊറോണ വൈറസിനെ കണ്ടിട്ടില്ലെന്നും ജേക്കബ് വടക്കഞ്ചേരി തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. കൊറോണ വൈറസിനെതിരെ സർക്കാർ സ്വീകരിച്ച നടപടികളെയും മുൻകരുതലുകളെയും അറിയിപ്പുകളെയും പരിഹസിച്ചാണ് ജേക്കബ് വടക്കഞ്ചേരിയുടെ വീഡിയോ.

ഒരു വൈറസും, ബാക്ടീരിയയും മനുഷ്യശരീരത്തിൽ കയറി രോഗമുണ്ടാക്കില്ല. കൊറോണ, നിപ്പ പോലുള്ള വൈറസുകളുണ്ടോയെന്നും, എന്തുകൊണ്ടാണ് ഇത് മനുഷ്യൻ മാത്രം വരുന്നതെന്നും ജേക്കബ് വടക്കഞ്ചേരി ചോദിക്കുന്നു. പ്രകൃതി ചികിത്സ, ആയുർവേദം, ഹോമിയോതുടങ്ങിയ ചികിത്സാ രീതികളുണ്ടായിട്ടും അലോപ്പതി ചികിത്സ മാത്രമാണ് സർക്കാർ നിർദേശിക്കുന്നത്, അതെന്ത് കൊണ്ടാണെന്നും, പിന്നിൽ ചില ലക്ഷ്യങ്ങളുണ്ടെന്നും ജേക്കബ് വടക്കഞ്ചേരി ആരോപിക്കുന്നു.

ഭരണകൂടങ്ങൾക്ക് ലഭിച്ച പുതിയ തരം ജൈവായുധമാണ് കൊറോണ. ജൈവായുധത്തിന്റെ പേരിലുള്ള യുദ്ധമാണ് നടക്കുന്നതെന്നും ജേക്കബ് വടക്കഞ്ചേരി പറയുന്നു.

Exit mobile version