പൗരത്വ ഭേദഗതിക്ക് എതിരായ ഓർഡിനൻസ് ഐകകണ്‌ഠ്യേനെ പാസാക്കി എന്നത് തിരുത്തണം; ബിജെപി സമ്മർദ്ദത്തിന് വഴങ്ങി നിയമസഭയിൽ ആവശ്യവുമായി ഒ രാജഗോപാൽ

തിരുവനന്തപുരം: കേരള നിയമസഭയുടെ ചരിത്രത്തിൽ തന്നെ അത്യപൂർവ്വമായി ഐകകണ്‌ഠ്യേനെ പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയത്തിനെതിരെ ബിജെപി എംഎൽഎ ഒ രാജഗോപാൽ. നിയമസഭ പാസാക്കിയ പ്രമേയത്തിൽ നിന്ന് ഐകകണ്‌ഠ്യേനെ എന്ന പ്രയോഗം ഒഴിവാക്കണമെന്ന് ഒ രാജഗോപാൽ ആവശ്യപ്പെട്ടു.

അതേസമയം, പ്രമേയം പാസാക്കാൻ കൂടിയ പ്രത്യേക നിയമസഭാ യോഗത്തിനെത്തിയ രാജഗോപാൽ പ്രമേയത്തെ എതിർക്കുകയോ പ്രമേയത്തിൽ വോട്ടെടുപ്പ് ആവശ്യപ്പെടുകയോ ചെയ്തിരുന്നില്ല. ഏക ബിജെപി എംഎൽഎ ആയ ഒ രാജഗോപാൽ എതിർപ്പ് രേഖപ്പെടുത്താൻ തയ്യാറാകാത്തതിനാൽ ഭരണപക്ഷവും പ്രതിപക്ഷവും സംയുക്തമായി അംഗീകരിച്ച പ്രമേയം എന്നാണ് അതിനെ വിശേഷിപ്പിച്ചിരുന്നതും.

പ്രമേയത്തിനെതിരെ ഒരക്ഷരം ഉരിയാടാതിരുന്ന ഒ രാജഗോപാലിനെതിരെ ബിജെപി കേന്ദ്ര-സംസ്ഥാന നേതൃത്വം പിന്നീട് വലിയ എതിർപ്പാണ് രേഖപ്പെടുത്തിയത്. ഒറ്റയ്ക്ക് എതിർത്തിട്ട് കാര്യമെന്തെന്നായിരുന്നു അന്ന് രാജഗോപാലിന്റെ നിലപാടെങ്കിൽ പാർട്ടിയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് നിലപാട് തിരുത്താൻ അദ്ദേഹം ഇപ്പോൾ സന്നദ്ധനായതെന്നാണ് സൂചന.

മനഃപൂർവ്വമാണ് വോട്ടെടുപ്പ് നടത്താൻ ആവശ്യപ്പെടാതിരുന്നതെന്ന് ഒ രാജഗോപാൽ നേരത്തെ തന്നെ, വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ 139 പേരും അനുകൂലിക്കുമ്പോൾ ഒരാളുടെ എതിർപ്പിന് പ്രസക്തിയില്ലെന്ന് തോന്നിയെന്നാണ് അദ്ദേഹം പറഞ്ഞിരുന്നതും. ഒ രാജഗോപാൽ എതിർത്തോ അനുകൂലിച്ചോ കൈപൊക്കാതിരുന്നതിനാൽ, 140 പേരുടെയും പിന്തുണയെന്ന് കാട്ടി, ഐകകണ്‌ഠ്യേനെ പാസാക്കിയെന്ന തരത്തിലാണ് രാഷ്ട്രപതിയ്ക്ക് മുന്നിൽ പ്രമേയം വരിക.

Exit mobile version