രണ്ടാമത്തെയാൾക്ക് കൊറോണയെന്ന് സ്ഥിരീകരിക്കാനായിട്ടില്ല; വന്നത് ആദ്യഘട്ട ഫലം മാത്രം; അസ്വസ്ഥരാകേണ്ട സാഹചര്യമില്ലെന്ന് കെകെ ശൈലജ ടീച്ചർ

തിരുവനന്തപുരം: വീണ്ടും കേരളത്തിൽ കൊറോണ വൈറസ് ബാധയെന്ന് കേന്ദ്രസർക്കാർ സ്ഥിരീകരിച്ച സാഹചര്യത്തിൽ മാധ്യമങ്ങളെ കണ്ട് സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ. രണ്ടാമത്തെയാൾക്ക് കൊറോണയെന്ന് സ്ഥിരീകരിക്കാൻ ആയിട്ടില്ലെന്നും വന്നത് ആദ്യഘട്ട പരിശോധന ഫലം മാത്രമാണെന്നും പോസിറ്റീവാകാൻ സാധ്യത മാത്രമാണ് ഉള്ളതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

“ഇന്ന് ഒരു കേസ് കൂടി പോസിറ്റീവ് ആണെന്നത് പ്രാഥമിക പരിശോധനയിലെ നിഗമനമാണ്. പുണെയിൽ നിന്ന് പരിശോധനാ ഫലം ലഭിച്ചിട്ടില്ല. ഫോൺ വഴി ബന്ധപ്പെട്ടപ്പോൾ കിട്ടിയ വിവരം മാത്രമാണ് ഉള്ളത്. സംശയിക്കുന്നത്, ആലപ്പുഴ മെഡിക്കൽ കോളേജിലുള്ള കുട്ടിക്കാണ് കോറോണവൈറസ് ബാധയുള്ളത് എന്നാണ്. ഇത് നിഗമനം മാത്രമാണ്. റിപ്പോർട്ട് വരാതെ സ്ഥിരീകരിക്കാൻ സാധിക്കില്ല. വുഹാൻ സർവകലാശാലയിൽ നിന്ന് വന്നതാണ് ഈ കുട്ടിയു”മെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

അസ്വസ്ഥരാകേണ്ട സാഹചര്യമില്ലെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും മന്ത്രി പറഞ്ഞു. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഫലം വന്നാൽ മാത്രം കൂടുതൽ പറയാനാകുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.

ഇപ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇപ്പോൾ കൊറോണ സംശയിക്കപ്പെട്ടിരിക്കുന്ന വ്യക്തിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ചെറിയ ലക്ഷണങ്ങൾ മാത്രമാണ് കാണിക്കുന്നതെന്നും കെകെ ശൈലജ ടീച്ചർ പറഞ്ഞു. ഈ വ്യക്തിയും വുഹാനിൽ നിന്നും മടങ്ങിയതാണെന്നും മന്ത്രി അറിയിച്ചു. ഇപ്പോൾ തൃശ്ശൂരിൽ ചികിത്സയിലുള്ള കൊറോണ ബാധിതയായ വിദ്യാർത്ഥിനിയെ ഡൽഹിയിലേക്ക് മാറ്റില്ലെന്നും കേരളത്തിൽ നല്ല ചികിത്സയാണ് നൽകുന്നതെന്നും മന്ത്രി അറിയിച്ചു. വിദേശത്തുനിന്നും മടങ്ങിയെത്തിയവർ രോഗലക്ഷണങ്ങൾ സംശയിക്കുന്നുണ്ടെങ്കിൽ ഉടൻ തന്നെ ആശുപത്രിയിൽ ചികിത്സ തേടണമെന്നും ചൈനയിൽ നിന്നും മടങ്ങി എത്തുന്നവർ ഹോംക്വറന്റൈൻ കൃത്യമായി പാലിക്കണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.

അതേസമയം, കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് സംസ്ഥാനത്തെ രണ്ടാമതൊരാൾക്ക് കൊറോണ ബാധിച്ചെന്ന് സ്ഥിരീകരിച്ച് വാർത്ത പുറത്തുവിട്ടത്. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് പ്രതികരിക്കുകയായിരുന്നു മന്ത്രി. ആലപ്പുഴയിൽ കൊറോണ ടെസ്റ്റ് ചെയ്യാൻ സജ്ജമാണെന്നും എന്നാൽ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ അനുവാദമില്ലാതെ പരിശോധന നടത്താനാകില്ല. കർശ്ശനമായി ഫലം ഉടനെത്തിക്കുന്ന നടപടികൾ കൈക്കൊള്ളാൻ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Exit mobile version