വീട്ടില്‍ ചാരായ വില്‍പ്പന ; മുന്‍ പോലീസ് ഉദ്യോഗസ്ഥനും ഭാര്യയും അറസ്റ്റില്‍

ചാരായം എത്തിച്ചു നല്‍കുന്നത് പുന്നക്കാട് സ്വദേശി ജോണിയാണെന്ന് അറസ്റ്റിലായവര്‍ എക്‌സൈസിനോട് പറഞ്ഞു

കൊച്ചി: വീട്ടില്‍ ചാരയ വില്‍പ്പന നടത്തിയതിന് മുന്‍ പോലീസുകാരനും ഭാര്യയും അറസ്റ്റില്‍. കോതമംഗലം കറുകടം ഭാഗത്ത് വാറ്റ് ചാരായവും വിദേശമദ്യവും വില്‍പ്പന നടക്കുന്നതായി എക്‌സൈസിന് രഹസ്യ വിവരം ലഭിച്ചിതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ശ്രീനിലയത്തില്‍ ശ്രീകുമാര്‍, ഭാര്യ ദീപ എന്നിവരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.

കൂടാതെ വീട്ടില്‍ വില്‍പ്പനക്കായി സൂക്ഷിച്ച് വച്ചിരുന്ന 20 ലിറ്റര്‍ ചാരായവും 25 ലിറ്റര്‍ വിദേശമദ്യവും കണ്ടെടുത്തു. അതോടൊപ്പം ചില്ലറ വില്‍പ്പനക്കായി വിദേശ മദ്യവും ചാരായവും നിറക്കാന്‍ സൂക്ഷിച്ചിരുന്ന 70 കുപ്പികളും കണ്ടെടുത്തിട്ടുണ്ട്.

ചാരായം എത്തിച്ചു നല്‍കുന്നത് പുന്നക്കാട് സ്വദേശി ജോണിയാണെന്ന് അറസ്റ്റിലായവര്‍ എക്‌സൈസിനോട് പറഞ്ഞു. ജോണിയേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ വീട്ടില്‍ നിന്നും നാല് ലിറ്റര്‍ ചാരായം കണ്ടെടുത്തു.

Exit mobile version