യുവാവിനെ ജെസിബി കൊണ്ട് ഇടിച്ചുകൊന്ന സംഭവം: ഒരാൾ കൂടി പിടിയിൽ; പോലീസിനെതിരെ നടപടി

കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കട അമ്പലത്തിൻകാലയിൽ പുരയിടത്തിലെ മണ്ണ് മാന്തിയെടുക്കുന്നതിനെതിരെ പ്രതികരിച്ചതിന് യുവാവിനെ ജെസിബി കൊണ്ട് ഇടിച്ചുകൊന്ന കേസിൽ കൃത്യവിലോപം കാട്ടിയ പോലീസുകാർക്കെതിരേ നടപടി ഉണ്ടായേക്കും. ചൊവ്വാഴ്ച സംഭവത്തിൽ ഉൾപ്പെട്ട ഒരാളെക്കൂടി കാട്ടാക്കട പോലീസ് അറസ്റ്റുചെയ്തു. ടിപ്പർ ഡ്രൈവർ കാട്ടാക്കട കട്ടയ്‌ക്കോട് കാര്യാട്ടുകോണം കുളത്തിൻകര വീട്ടിൽ സി ബൈജു(36)വാണ് കീഴടങ്ങിയത്. ഇതോടെ കേസിൽ പിടിയിലായവർ എട്ടായി.

കൊല്ലപ്പെട്ട സംഗീതിന്റെ പുരയിടത്തിൽ അതിക്രമിച്ചു കയറിയ എട്ടു പേരിൽ ഒരാളാണ് ബൈജു. ഒരു ടിപ്പർ ഓടിച്ചിരുന്നത് ബൈജുവാണെന്നും പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും കാട്ടാക്കട ഇൻസ്‌പെക്ടർ ഡി ബിജുകുമാർ പറഞ്ഞു. പ്രതികളെയും വാഹനങ്ങളും ഒളിപ്പിക്കാൻ സഹായം ചെയ്തവരാണ് ഇനി പിടിയിലാവാനുള്ളത്.

അനുമതിയില്ലാതെ മണ്ണെടുക്കുന്ന വിവരം കാട്ടാക്കട പോലീസ് സ്റ്റേഷനിൽ അറിയിച്ചിട്ടും സമയോചിതമായി ഇടപെടാൻ പോലീസ് വൈകിയെന്ന ആരോപണത്തിൽ പോലീസിന്റെ വീഴ്ച അന്വേഷിച്ച നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവർട്ട് കീലറുടെ റിപ്പോർട്ട് ചൊവ്വാഴ്ച റൂറൽ എസ്പിക്ക് കൈമാറിയിട്ടുണ്ട്.

Exit mobile version