നേപ്പാളിൽ മലയാളികൾ മരിച്ച സംഭവത്തിൽ കേന്ദ്രസർക്കാർ ഇടപെട്ട് നഷ്ടപരിഹാരം ഉറപ്പാക്കണം; പ്രവീണിന്റെ കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: നേപ്പാളിൽ വിനോദയാത്രയ്ക്ക് പോയ എട്ട് മലയാളികൾ ഹോട്ടൽമുറിയിൽ വിഷവായു ശ്വസിച്ച് മരിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. വിശദമായ അന്വേഷണം നടത്തുന്നതിന് നേപ്പാൾ സർക്കാരുമായി കേന്ദ്രം ഇടപെടണമെന്നും അദ്ദേഹം വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിന അയച്ച കത്തിൽ ആവശ്യപ്പെട്ടു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരം നേപ്പാൾ സർക്കാരിൽനിന്ന് ലഭിക്കുന്നതിനും കേന്ദ്ര സർക്കാരിന്റെ ഇടപെടൽ വേണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

മരിച്ച എട്ടുപേരിലൊരാളായ തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി പ്രവീണിന്റെ ഉറ്റവരെ മുഖ്യമന്ത്രി സന്ദർശിക്കുകയും ചെയ്തു. ചെങ്കോട്ടുകോണത്തെ പ്രവീണിന്റെ വീട്ടിലെത്തിയ മുഖ്യമന്ത്രി അച്ഛൻ കൃഷ്ണൻ നായരെയും അമ്മ പ്രസന്നയെയും ആശ്വസിപ്പിച്ചു. ഈ മാസം 21നായിരുന്നു രണ്ട് മലയാളി കുടുംബങ്ങളെ ദാമനിലെ എവറസ്റ്റ് പനോരമ റിസോർട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

ദുബായിയിൽ എഞ്ചിനീയറായിരുന്ന പ്രവീൺ കൃഷ്ണൻ നായർ (39), ഭാര്യ ശരണ്യ ശശി (34) ഇവരുടെ മക്കളായ ശ്രീഭദ്ര പ്രവീൺ (9), ആർച്ച പ്രവീൺ, അഭിനവ്, തിരുവനന്തപുരം ടെക്‌നോപാർക്ക് ജീവനക്കാരനായിരുന്ന കോഴിക്കോട് കുന്ദമംഗലം താളിക്കുണ്ട് പുനത്തിൽ രഞ്ജിത്ത് കുമാർ (39) ഭാര്യ ഇന്ദു ലക്ഷ്മി പീതാംബരൻ (34) ഇവരുടെ മകൻ വൈഷ്ണവ് രഞ്ജിത്ത് (2) എന്നിവരാണ് മരിച്ചത്. ഇവരുടെ മൂത്തമകൻ മാധവ് (7) അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടിരുന്നു.

Exit mobile version