ക്രിസ്ത്യന്‍ പള്ളികളില്‍ കുര്‍ബാനയ്ക്കിടെ നല്‍കുന്ന അപ്പവും വീഞ്ഞും വിശ്വാസത്തിന്റെ ഭാഗം; അതില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി

കൊച്ചി: വിശ്വാസത്തിന്റെ ഭാഗമായി ക്രിസ്ത്യന്‍ പള്ളികളില്‍ കുര്‍ബാനയ്ക്കിടെ നല്‍കുന്ന അപ്പവും വീഞ്ഞും ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സുരക്ഷിതമാണെന്ന് ഉറപ്പാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരാനുഷ്ഠാനങ്ങളിലും വിശ്വാസങ്ങളിലും ഇടപെടുന്നില്ലെന്നും കുര്‍ബാനയ്ക്കിടെ അപ്പവും വീഞ്ഞും സ്വീകരിക്കുന്നതു വിശ്വാസത്തിന്റെ ഭാഗമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

ക്വാളിഫൈഡ്‌പ്രൈവറ്റ് മെഡിക്കല്‍ പ്രാക്ടീഷനേഴ്‌സിനു വേണ്ടി പ്രസിഡന്റ് ഡോ. ഒ ബേബി നല്‍കിയ ഹര്‍ജിയാണു തള്ളിയത്. ചീഫ് ജസ്റ്റിസുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്. പള്ളികളില്‍ വിതരണം ചെയ്യുന്ന അപ്പവും വീഞ്ഞും സുരക്ഷിതമാണെന്ന് ഉറപ്പാക്കണമെന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

ഭക്ഷണ സാധനങ്ങളുടെ നിര്‍മാണം, ശേഖരണം, വിതരണം, വില്‍പന തുടങ്ങിയവയുടെ നിയന്ത്രണത്തിനുള്ളതാണു ഭക്ഷ്യ സുരക്ഷാ നിയമമെന്നും എന്നാല്‍ കുര്‍ബാനയുടെ ഭാഗമായി അപ്പവും വീഞ്ഞും നല്കുന്നതില്‍ ഇടപെടാന്‍ ഭക്ഷ്യ സുരക്ഷാ അതോറിറ്റിക്ക് അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കുര്‍ബനായ്ക്കിടെ അപ്പവും വീഞ്ഞും വിശ്വാസികള്‍ സ്വീകരിക്കുന്നതു ഭക്ഷണമായല്ല, വിശ്വാസത്തിന്റെ ഭാഗമായാണെന്നും കോടതി വ്യക്തമാക്കി.

Exit mobile version