താൻ സർക്കാരിന്റെ അല്ല, രാഷ്ട്രപതിയുടെ പ്രതിനിധി; മുഖ്യമന്ത്രിയോടല്ല, ആരോടും ചർച്ചയ്ക്ക് തയ്യാറാണെന്ന് ഗവർണർ

പാലക്കാട്: പൗരത്വനിയമ ഭേദഗതിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ പോയത് അറിയിക്കാതെ എന്ന് ആരോപിച്ച് വിഷയത്തിൽ കടുംപിടുത്തത്തിലായിരുന്ന ഗവർണർ അയയുന്നു. നിലവിലെ തർക്കങ്ങളിൽ സർക്കാരുമായി ചർച്ചയാകാമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ കോടതിയെ സമീപിക്കുന്നതിന് മുമ്പ് ഗവർണറെ അറിയിക്കണമെന്നതാണ് നിയമമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പൗരത്വവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കേന്ദ്രത്തിന്റെ പരിധിയിൽവരുന്നതാണെന്നും അത് സംസ്ഥാനത്തിന്റെ വിഷയമല്ലെന്നും അദ്ദേഹം ആവർത്തിച്ചു.

താൻ കേന്ദ്രസർക്കാരിന്റെ പ്രതിനിധിയല്ലെന്നും രാഷ്ട്രപതിയുടെ പ്രതിനിധിയാണെന്നും ഗവർണർ വ്യക്തമാക്കി. കേന്ദ്രവും സംസ്ഥാനവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിഷയത്തിൽ കോടതിയിൽ പോകുന്നുണ്ടെങ്കിൽ അത് ഗവർണറെ അറിയിക്കണം. പലകാര്യങ്ങളിലും അഭിപ്രായഭിന്നതകളുണ്ടാവാം. ജനാധിപത്യത്തിൽ അത് സ്വാഭാവികമാണ്. എന്നാൽ തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും ചർച്ചചെയ്ത് പരിഹരിക്കാൻ തയ്യാറാകണം. തർക്കങ്ങൾ പരിഹരിക്കാൻ ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരുന്ന് സംസാരിച്ചാൽ മതിയാകും. മുഖ്യമന്ത്രിയുമായി മാത്രമല്ല, ആരുമായും താൻ ചർച്ചയ്ക്ക് തയ്യാറാണെന്നും ഗവർണർ പറഞ്ഞു.

ഭരണടഘടനയും നിയമങ്ങളും സംരക്ഷിക്കലാണ് തന്റെ കടമ. അത് നിർവഹിക്കും. രാഷ്ട്രപതി ഒപ്പുവെച്ച നിയമം സംരക്ഷിക്കൽ തന്റെ കടമയാണ്. ജനാധിപത്യത്തിൽ എല്ലാം പരസ്പരം സംസാരിച്ച് പരിഹരിക്കണം. ഒരു വീട്ടിൽ സഹോദരനും സഹോദരിയുമുണ്ടെങ്കിൽ അവർക്കും വ്യത്യസ്ത അഭിപ്രായമുണ്ടാകും. അതെല്ലാം സംസാരിച്ച് പരിഹരിക്കാം. രാജ്ഭവന് മുന്നിൽ പ്രതിഷേധവുമായെത്തിയവരെ താൻ ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നു. അവരാരും വന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version