പാഠപുസ്തകം ശരിയായി വായിച്ചില്ല, രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപിക ക്രൂരമായി മര്‍ദ്ദിച്ചു; മലയാളം വായിച്ച് കണ്ണ് തെളിയാനാണ് തല്ലിയതെന്ന് വിശദീകരണം

കടുത്തുരുത്തി: ശരിയായി മലയാളം വായിച്ചില്ലെന്ന് ആരോപിച്ച് രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപിക ക്രൂരമായി മര്‍ദ്ദിച്ചു. എയ്ഡഡ് സ്‌കൂളായ കുറുപ്പന്തറ മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് എല്‍പി. സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ കുറുപ്പന്തറ കളത്തൂക്കുന്നേല്‍ സൗമ്യയുടെ മകന്‍ പ്രണവ് രാജിനെയാണ് ക്ലാസ് ടീച്ചര്‍ തല്ലിയത്.

മലയാളം പുസ്തകം വായിക്കാന്‍ ആവശ്യപ്പെട്ട ടീച്ചര്‍ കുട്ടി വായിക്കുന്നതിനിടെ ശരിയായില്ലെന്ന് പറഞ്ഞ് ചൂരലുപയോഗിച്ച് കൂരമായി തല്ലുകയായിരുന്നെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കുട്ടിയുടെ ഇരുകാലുകളിലുമായി അടിയുടെ 21 പാടുകളുണ്ട്. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ കുട്ടിയുടെ കാലില്‍ നീര് കണ്ട അമ്മൂമ്മ കാര്യം തിരക്കിയപ്പോഴാണ് ടീച്ചര്‍ തല്ലിയ കാര്യം പറഞ്ഞത്.

ഉടന്‍ തന്നെ കുട്ടിയെയും കൊണ്ട് അമ്മൂമ്മ സ്‌കൂളിലെത്തി. എന്നാല്‍ അപ്പേഴേക്കും അധ്യാപിക വീട്ടിലേക്ക് പോയിരുന്നു. എങ്കിലും മറ്റുള്ള അധ്യാപകര്‍ വ്യാഴാഴ്ച വിവരം തിരക്കാമെന്ന് പറഞ്ഞ് ഇവരെ മടക്കി അയച്ചു. വിദ്യാര്‍ത്ഥിയെ പിന്നീട് വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് കുറവിലങ്ങാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി.

സംഭവത്തില്‍ പിന്നീട് വിശദീകരണവുമായി ടീച്ചര്‍ രംഗത്തെത്തി. കുട്ടിക്ക് മലയാളം വായിക്കാന്‍ അറിയില്ലെന്നും മലയാളം വായിച്ച് കണ്ണ് തെളിയാനാണ് കുട്ടിയെ തല്ലിയതെന്നുമായിരുന്നു ടീച്ചറുടെ മറുപടിയെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.

Exit mobile version