മതവും ജാതിയുമല്ല കാരുണ്യത്തിന്റെ പാതയിൽ ജേക്കബ്; കുടുംബസ്വത്തായി കിട്ടിയ ലക്ഷങ്ങൾ വിലമതിക്കുന്ന ഭൂമി ദാനം ചെയ്തത് അർഹരായ നാല് കുടുംബങ്ങൾക്ക്

അങ്കമാലി: മതത്തിന്റേയോ ജാതിയുടേയോ വേലിക്കെട്ടുകളൊന്നും ജേക്കബിനെ സ്വാധീനിച്ചില്ല, പൈതൃകമായി ലഭിച്ച ഭൂമി അർഹരായ നാല് കുടുംബങ്ങൾക്ക് ദാനം ചെയ്ത് മാതൃകയാവുകയായിരുന്നു അദ്ദേഹം. വ്യത്യസ്ത സമുദായത്തിൽപ്പെട്ട അശരണരായ നാല് പേർക്കാണ് നെടുമ്പാശ്ശേരി മേക്കാട് തെറ്റയിൽ കുടുംബാംഗം ടിഎം ജേക്കബ് തന്റെ ഭൂമി വീതിച്ച് നൽകിയത്. ഇലക്ട്രീഷൻ, പ്ലംബിങ് കോൺട്രാക്ടറായ ജേക്കബിന് കുടുംബസ്വത്തായി ലഭിച്ച 60 ലക്ഷം വിലമതിക്കുന്ന 12.5 സെന്റാണ് നാലുപേർക്ക് വീതിച്ച് നൽകിയത്. ഒന്നരമാസം മുമ്പ് തനിക്ക് ലഭിച്ച പൈതൃകസ്വത്ത് ഏറ്റവും അർഹരായ ഹിന്ദു, മുസ്‌ലിം, ക്രൈസ്തവ സമുദായത്തിൽപെട്ടവരിലേക്ക് എത്തിക്കുകയായിരുന്നു. ജേക്കബിന്റെ ആഗ്രഹം ഭാര്യയും മക്കളും സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു.

തനിക്ക് കുടുംബസ്വത്തായി ലഭിച്ച ഭൂമി ദാനം ചെയ്യുകയാണെന്ന തീരുമാനം മേക്കാട് സെന്റ് മേരീസ് കത്തോലിക്ക ഇടവക പള്ളി വികാരി ഫാ. ജിമ്മി കുന്നത്തൂരിനെയും ആലുവയിലുള്ള സുഹൃത്തുക്കളായ റോയൽ പ്ലാസ സെക്രട്ടറി അബ്ദുല്ലക്കുട്ടിയെയും റോയൽ പ്ലാസയിലെ കച്ചവടക്കാരനായ പ്രകാശനെയും അറിയിച്ചിരുന്നു. ഇവർ വഴി ലഭിച്ച മുപ്പതോളം അപേക്ഷയിൽ നിന്നാണ് ഏറ്റവും അർഹരായ നാല് കുടുംബത്തിനെ കണ്ടെത്തിയത്.

ആലുവ മാളികംപീടിക സ്വദേശി മൻഷിദ മുഹമ്മദ്, ചൂർണിക്കര സ്വദേശി ജുഗുണ രാധാകൃഷ്ണൻ, പാറക്കടവ് വട്ടപ്പറമ്പ് സ്വദേശിനി ഹഷ്‌ന ജോയി, നെടുമ്പാശ്ശേരി പൊയ്ക്കാട്ടുശ്ശേരി സ്വദേശിനി തങ്കമണി ഗോപാലൻ എന്നിവർക്കാണ് ജേക്കബ് ഭൂമി നൽകുക. ശനിയാഴ്ച വസ്തു നാലു പേരുടെയും പേരിൽ രജിസ്റ്റർ ചെയ്തശേഷം ഞായറാഴ്ച ജനപ്രതിനിധികളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ അൻവർ സാദത്ത് എംഎൽഎയാണ് 60 ലക്ഷം രൂപ വിലവരുന്ന വസ്തുവിന്റെ പ്രമാണങ്ങൾ കൈമാറിയത്. നിരാലംബരായ സ്ത്രീകൾക്കായി ആവിഷ്‌കരിച്ച ‘അമ്മക്കിളിക്കൂട്’ പദ്ധതിയിൽപെടുത്തി ഹഷ്‌ന ജോയിക്ക് വീട് നിർമിച്ച് നൽകുമെന്ന് എംഎൽഎ ചടങ്ങിൽ പ്രഖ്യാപിക്കുകയും ചെയ്തു.

നെടുമ്പാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോ, വാർഡ് അംഗം സിപി ഷാജി, സഹകരണ ബാങ്ക് പ്രസിഡന്റ് ജിസ് തോമസ്, ഇടവക വികാരി ഫാ. ജിമ്മി കുന്നത്തൂർ തുടങ്ങിയവർ ചടങ്ങിനെത്തി. മേക്കാട് കോട്ടയ്ക്കൽ കുടുംബാംഗം മിനിയാണ് ജേക്കബിന്റെ ഭാര്യ. മക്കൾ: നിവിയ സതീഷ്, നെവിൻ ജേക്കബ് (ആമസോൺ, ബംഗളൂരു).

Exit mobile version