ഒന്നര കോടിയോളമുള്ള ആർഎസ്എസുകാർ അന്റാർട്ടിക്കയിലേക്ക് പോയാൽ ബാക്കിയുള്ള 130 കോടി ജനങ്ങൾക്ക് സമാധാനം കിട്ടും; സംഘപരിവാറിനെ ട്രോളി കെ മുരളീധരൻ

മലപ്പുറം: ആർഎസ്എസുകാർക്കെതിരെ ആഞ്ഞടിച്ചും സ്വാതന്ത്ര്യസമര സേനാനി വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ അനുസ്മരിച്ചും കെ മുരളീധരൻ എംപി. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന് ബ്രിട്ടിഷുകാർ വധശിക്ഷ വിധിച്ച വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഒരു കലാപകാരി മാത്രമാണെന്ന് ചിലർക്ക് തോന്നുന്നത് ഡൽഹൗസിയുടെ പ്രേതം കയറിയത് കൊണ്ടാണെന്ന് മുരളീധരൻ ആഞ്ഞടിച്ചു.

രാജ്യത്തെ ചിലർക്ക് ഡൽഹൗസി പ്രഭുവിന്റെ പ്രേതം കയറിയിരിക്കുകയാണെന്നും സംസ്ഥാനത്തെ മുൻ ഡിജിപിയെ വരെ അത് ആവേശിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി ഒബിസി വിഭാഗം സംഘടിപ്പിച്ച വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി രക്തസാക്ഷി അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനുസ്മരണ പരിപാടി അറിഞ്ഞത് മുതൽ ചിലർ അതിനെതിരെ പ്രചരണം നടത്തി. തനിക്കും സംഘാടകർക്കും വാട്സ്ആപ്പിൽ അത്തരം പരിഹാസ സന്ദേശങ്ങൾ കിട്ടി. ഒരു മുൻപോലീസ് ഉദ്യോഗസ്ഥൻ വരെ ആ ശൃംഖല നീണ്ടു കിടക്കുകയാണെന്നും മുരളീധരൻ പറഞ്ഞു. 130 കോടിയിലധിക ജനങ്ങൾ ജീവിക്കുന്ന രാജ്യത്ത് ഒന്നര കോടിയുള്ള ആർഎസ്എസുകാർ ഇവിടം വിട്ട് പോയാൽ ഇവിടെ സമാധാനവും ശാന്തിയുമുണ്ടാകും. അന്റാർട്ടിക്കയിലേക്ക് പോയി അവിടെ ഹിന്ദുരാഷ്ട്രം പണിതാൽ മതിയെന്നും മുരളീധരൻ സംഘപരിവാറിനെ പരിഹസിച്ചു.

കുഞ്ഞഹമ്മദ് കലാപകാരിയെന്ന് പറയുന്നവർ ചരിത്രം പഠിക്കാത്തവരാണ്. വധശിക്ഷ വിധിച്ച സമയത്ത് പിന്നിൽ നിന്ന് വെടിവെക്കരുത്, മുന്നിൽ നിന്ന് വെടിവെക്കണമെന്ന് പറഞ്ഞാണ് ആ ധീരദേശാഭിമാനി വിട പറഞ്ഞതെന്നും മുരളീധരൻ അനുസ്മരിച്ചു.

Exit mobile version