മഴ പെയ്താല്‍ ചോര്‍ന്നൊലിക്കും, ദിവസവും കാട്ടാന ശല്യവും; സുരക്ഷിതമായ വീടിനായി നന്ദിനിയും കുടുംബവും അപേക്ഷ നല്‍കി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് 9 വര്‍ഷം; അധികൃതര്‍ എന്നെങ്കിലും കണ്ണുതുറക്കുമെന്ന് പ്രതീക്ഷ

ചെറിയ കാറ്റടിച്ചാല്‍ പോലും തകര്‍ന്നുവീണേക്കാമെന്ന അവസ്ഥയിലുള്ള കൂരക്കുള്ളില്‍ വയനാട് വള്ളുവാടിയിലെ വിധവയായ നന്ദിനിയും കുടുംബവും കഴിയുന്നത് പോകാന്‍ മറ്റൊരിടമില്ലാത്തത് കൊണ്ടാണ്. സുരക്ഷിതമായി ഒരുദിവസമെങ്കിലും കിടന്നുറങ്ങണമെന്ന ആഗ്രഹമാണ് ഇപ്പോള്‍ ഈ കുടുംബത്തിനുള്ളത്. സ്വന്തമായി ഒരു വീടിനായി ഈ കുടുംബം അപേക്ഷ നല്‍കി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് 9 വര്‍ഷമായി.

കാടിനോട് ചേര്‍ന്നുള്ള വീടിന്റെ മുറ്റത്തേക്ക് എന്നും കാട്ടാനകളും എത്താറുണ്ട്. ഇത് ഇവരുടെ ജീവന് തന്നെ ഭീഷണിയാണ്. നൂല്‍പ്പുഴ പഞ്ചായത്തിലെ വള്ളുവാടി കുള്ളത്തൂര്‍ കുന്നിലെ ഈ വീടിനകത്ത് 80 വയസ്സ് പിന്നിട്ട വയോധിക അടക്കം മൂന്നു സ്ത്രീകളും ഒരു കുട്ടിയുമാണ് താമസിക്കുന്നത്

സ്വന്തമായി സ്ഥലമുണ്ടായിട്ടും ഒമ്പതു വര്‍ഷമായി വീടിന് അപേക്ഷ നല്‍കി കാത്തിരിക്കുകയാണിവര്‍. പിഎംഎവൈ, ലൈഫ് തുടങ്ങിയ പദ്ധതികളിലെല്ലാം വീടിന് അപേക്ഷ നല്‍കുന്നുണ്ട്. ദിനംപ്രതി ഓഫീസുകളിലെല്ലാം കയറി ഇറങ്ങിയിട്ടും ഇതുവരെ ഫലമൊന്നുമുണ്ടായിട്ടില്ല.

ചോര്‍ന്നൊലിക്കുന്ന കൂരയുടെ ചുമരുകളെല്ലാം പൊട്ടിപ്പൊളിഞ്ഞ നിലയില്‍ ആണ്. കിടപ്പിലായ അമ്മയെയും കൊണ്ട് മഴക്കാലത്ത് കക്കൂസിനകത്താണിവര്‍ താമസിക്കുന്നത്. എന്നെങ്കിലും അധകൃതര്‍ തങ്ങളുടെ അപേക്ഷ കേള്‍ക്കുമെന്നും സുരക്ഷിതമായ ഒരു വീട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നന്ദിനിയും കുടുംബവും ഇപ്പോള്‍ കഴിയുന്നത്.

Exit mobile version