വീണ്ടും സംസ്ഥാനത്തെ പിടിച്ചുകുലുക്കുമോ സോളാർ? സരിത നായരെ സമീപിച്ച് കേന്ദ്ര ഏജൻസികൾ; ബിജെപിയുടെ രാഷ്ട്രീയ തന്ത്രമെന്നും സൂചന

Saritha nair | kerala news

തിരുവനന്തപുരം: വീണ്ടും സോളാർ കേസ് സജീവ ചർച്ചയാക്കി കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഇടപെടൽ. സോളാർ കേസിന്റെ വിശദാംശങ്ങൾ തേടിയും കേസ് അന്വേഷണത്തിന്റെ പുരോഗതി അന്വേഷിച്ചും കേന്ദ്ര അന്വേഷണ ഏജൻസി സമീപിച്ചെന്ന് വെളിപ്പെടുത്തി സരിത എസ് നായർ തന്നെയാണ് രംഗത്തെത്തിയത്. കേസിന്റെ അന്വേഷണ പുരോഗതി തേടിയെന്നാണ് സരിത നായർ പറയുന്നത്. ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾക്കെതിരായ വിവരങ്ങളാണ് ആരാഞ്ഞത്.

ചെന്നൈയിലും തിരുവനന്തപുരത്തുമായി എത്തി രണ്ട് തവണയാണ് അന്വേഷണ ഉദ്യോഗസ്ഥർ സരിത എസ് നായരുമായി കൂടിക്കാഴ്ച നടത്തിയത്. നേതാക്കൾക്കെതിരായ അന്വേഷണത്തിന്റെ പുരോഗതി വിവരങ്ങളാണ് ചോദിച്ചത്. എംപിമാർക്കെതിരായ കേസിന്റെ വിശദാംശങ്ങളും അന്വേഷിച്ചെന്ന് സരിത പറയുന്നു. ചെന്നെയിലും തിരുവനന്തപുരത്തുമാണ് ഉദ്യോഗസ്ഥർ എത്തിയത്.

അതേസമയം, പൗരത്വ നിയമ ഭേദഗതിക്ക് എതിരായി മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് ഉൾപ്പടെ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിനിടെ ബിജെപിയുടെ താൽപര്യപ്രകാരം കേന്ദ്ര ഏജൻസികൾ സോളാർ കേസിൽ ഇടപെടുന്നത് രാഷ്ട്രീയക്കളി ആണെന്ന സംശയവും ഉയരുന്നുണ്ട്.

ഒന്ന് രണ്ട് തവണ ഡൽഹിയിലേക്ക് വരാൻ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ അത് രാഷ്ട്രീയ താൽപര്യം മുൻനിർത്തിയെന്നാണ് മനസിലാക്കുന്നത്. രാഷ്ട്രീയ വടംവലികൾക്ക് ഇനി താൽപര്യമില്ല. കേരള സർക്കാർ കേസിൽ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സരിത നായർ പറഞ്ഞു. ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കാനാണ് എന്ന് വിശദീകരിച്ചാണ് അന്വേഷണ സംഘം കൂടിക്കാഴ്ചക്കെത്തിയതെന്നും നീതി കിട്ടിയില്ലെന്ന പരാതി തനിക്ക് ഉണ്ടെന്നും സരിത പറയുന്നു. നീതി വൈകുന്ന സാഹചര്യം ഉണ്ടായാൽ ദേശീയ വനിതാ കമ്മീഷനെ സമീപിക്കാനും ആലോചിക്കുന്നുണ്ടെന്ന് സരിത എസ് നായർ പറയുന്നു.

Exit mobile version