ചട്ടലംഘനം നടത്തിയത് മുഖ്യമന്ത്രി; സംസ്ഥാന സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച ഗവര്‍ണറെ പിന്തുണച്ച് വി മുരളീധരന്‍

ന്യൂഡല്‍ഹി; പൗരത്വ ഭേദഗതി നിയമത്തില്‍ ചട്ടലംഘനം നടത്തിയത് മുഖ്യമന്ത്രിയാണെന്ന് വി മുരളീധരന്‍. പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ കര്‍ശന നിലപാടെടുത്ത് മുന്നോട്ട് പോകുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ച് കൊണ്ടാണ് കേന്ദ്രമന്ത്രി രംഗത്തെത്തിയത്.

ജനങ്ങളുടെ പണമെടുത്ത് ധൂര്‍ത്തടിക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിനില്ല. ഗവര്‍ണര്‍ പറഞ്ഞത് അതാണ്. നിയമസഭയില്‍ പ്രമേയം പാസാക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുമെന്ന് വാദത്തിന് വേണ്ടി സമ്മതിച്ചാല്‍ പോലും ചട്ട ലംഘനത്തിന് ന്യായീകരണമില്ലെന്നും വി മുരളീധരന്‍ പറഞ്ഞു, റസിഡന്റ് ഭരണമല്ലെന്ന് ഓര്‍ക്കണമെന്ന് ഗവര്‍ണറെ വിമര്‍ശിച്ച മുഖ്യമന്ത്രിക്ക് ഇതിലും നല്ല മറുപടി കൊടുക്കാനില്ലെന്നും വി മുരളീധരന്‍ പറഞ്ഞു.

ഭരണഘടനയില്‍ പറയുന്ന കാര്യങ്ങള്‍ ഉറപ്പാക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്. ഗവര്‍ണര്‍ ഭരണ ഘടന ഉദ്ധരിച്ച് കാര്യങ്ങള്‍ വ്യക്തമാക്കിയതോടെ ജനങ്ങള്‍ക്ക് കാര്യമെല്ലാം മനസിലായിട്ടുണ്ടെന്നും വി മുരളീധരന്‍ പറഞ്ഞു.

Exit mobile version