‘സിഎഎയ്‌ക്കെതിരെ സംസ്ഥാനത്തിന് സുപ്രീംകോടതിയെ സമീപിക്കാനാകില്ല’; സർക്കാർ നൽകിയ ഹർജിയിൽ കക്ഷി ചേരാൻ അപേക്ഷിച്ച് കുമ്മനം

kummanam_1

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയെ ചോദ്യം ചെയ്ത് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ കക്ഷി ചേരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കുമ്മനം സുപ്രീം കോടതിയെ സമീപിച്ചു. നിയമത്തിനെതിരെ സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയെ സമീപിക്കാനാകില്ലെന്ന് കുമ്മനം അപേക്ഷയിൽ പറയുന്നു. അപേക്ഷയിൽ രാഷ്ട്രീയവും നിയമപരവുമായ വിഷയങ്ങൾ കുമ്മനം ചൂണ്ടിക്കാണിക്കുന്നുണ്ട്.

നിയമസഭയിൽ നിയമത്തിനെതിരെ ഒരു പ്രമേയം ഐകകണ്‌ഠ്യേനെ പാസാക്കിയെന്നാണ് സംസ്ഥാന സർക്കാർ ഹർജിയിൽ പറയുന്നത്. 2016ലാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടന്നത്. കേന്ദ്രസർക്കാർ നിയമം പാസാക്കിയത് 2019ലാണ്. അതിനാൽ തന്നെ കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളുടെ പിന്തുണയും ഈ ഹർജിക്കുണ്ടെന്ന സംസ്ഥാന സർക്കാരിന്റെ വാദം തെറ്റാണെന്നു കുമ്മനം അപേക്ഷയിൽ പറയുന്നു.

ഭരണഘടനയുടെ 131-ാം അനുച്ഛേദപ്രകാരം സംസ്ഥാന സർക്കാരിന് കേന്ദ്രസർക്കാരിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനാകില്ലെന്നും നിയമത്തെ ചൂണ്ടിക്കാണിച്ച് കുമ്മനം അപേക്ഷയിൽ വിശദീകരിക്കുന്നു. സംസ്ഥാനസർക്കാർ സമർപ്പിച്ച സ്യൂട്ട് ഹർജി സുപ്രീം കോടതി പരിഗണിക്കുമ്പോൾ, കുമ്മനത്തിന്റെ അപേക്ഷയും പരിഗണിക്കപ്പെടും.

Exit mobile version