മോഷണക്കേസില്‍ പിടിക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും അന്ധനായ ലോട്ടറി വില്‍പനക്കാരനില്‍ നിന്നും പണം കവര്‍ന്നു; നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു

കോഴിക്കോട്: അന്ധനായ ലോട്ടറി വില്‍പ്പനക്കാരനില്‍ നിന്നും പണം തട്ടിയെടുത്ത് ഓടിയ യുവാവ് പോലീസ് പിടിയില്‍. കോഴിക്കോട് തിരുവള്ളൂര്‍ ചാനിയംകടവ് കണ്ണംകുറുങ്ങോട്ട് കെകെ. അഫ്‌സത്ത് എന്ന അര്‍ഫിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മുമ്പും മോഷണകേസില്‍ പിടിക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയതാണ്.

അന്ധനായ ലോട്ടറി വില്‍പനക്കാരന്‍ കിഡ്‌സണ്‍ കോര്‍ണറില്‍ എസ്‌കെ പ്രതിമയ്ക്കു മുന്നിലിരുന്ന് ലോട്ടറി വിറ്റുകിട്ടിയ പണം എണ്ണുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട അര്‍ഫി ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം പണം തട്ടിപ്പറിച്ച് ബസില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതുകണ്ട നാട്ടുകാര്‍ പിന്നാലെ ഓടി ബസില്‍ നിന്ന് അര്‍ഫിയെ ഇറക്കി പിങ്ക് പോലീസിനെ ഏല്‍പ്പിച്ചു. ഇവര്‍ പിന്നീട് പ്രതിയെ ടൗണ്‍ പോലീസിന് കൈമാറുകയായിരുന്നു.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് മിഠായിത്തെരുവില്‍ വച്ച് ഒരു യുവാവിന്റെ മൊബൈല്‍ അര്‍ഫി തട്ടിപ്പറിച്ച് ഓടിയിരുന്നു. പിന്നാലെ ഇയാള്‍ പോലീസ് വലയില്‍ കുടുങ്ങുകയും ചെയ്തു. റിമാന്‍ഡിലായിരുന്ന പ്രതി പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു. ഇപ്പോള്‍ വീണ്ടും മോഷ്ണക്കേസില്‍ അകത്തായി.

Exit mobile version