സ്വകാര്യ ബസിന്റെ അനാസ്ഥ; ബസില്‍ നിന്നും റോഡില്‍ തള്ളിയിട്ട യാത്രക്കാരന്റെ കാലിലൂടെ ബസ് കയറിയിറങ്ങി, മകള്‍ക്കും പരിക്ക്

വയനാട്: ഇറങ്ങുന്നതിന് മുമ്പ് ബസ് എടുത്തതിന് പിന്നാലെ റോഡില്‍ തെറിച്ചു വീണ അച്ഛനും മകള്‍ക്കും ഗുരുതര പരിക്ക്. അച്ഛന്റെ കാലിലൂടെ ബസ്സിന്റെ പിന്‍ചക്രം കയറിയിറങ്ങി തുടയെല്ലുകള്‍ തകര്‍ന്നു. പരിക്കേറ്റ കാര്യമ്പാടി സ്വദേശി ജോസഫ് കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍ മകളുടെ കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്.

ഇന്നലെ വൈകിട്ട് ബത്തേരിയില്‍ മീനങ്ങാടിക്കടുത്ത് വെച്ചാണ് സംഭവം. ബത്തേരിയില്‍ നിന്ന് അന്‍പത്തിനാലിലേക്ക് വരുന്ന വഴിയാണ് സംഭവം നടന്നത്. യാത്രക്കാര്‍ ഇറങ്ങുന്നതിന്റെ മുമ്പ് ബസ് എടുത്തതാണ് അപകടത്തിന് കാരണം. ജോസഫിന്റെ മകള്‍ നീതു ഇറങ്ങാന്‍ നോക്കവെ ബസ് മുന്നോട്ട് എടുത്തതോടെ പെണ്‍കുട്ടി റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ബസ് നിര്‍ത്താതെ പോകുകയും യാത്രക്കാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് അല്‍പദൂരം മാറി ബസ് നിര്‍ത്തുകയും ചെയ്തു. സംഭവം ചോദിക്കാനായി ബസിലേക്ക് കയറിയ ജോസഫിനെ കണ്ടക്ടര്‍ പുറത്തേയ്ക്ക് തള്ളുകയായിരുന്നു.

റോഡിലേക്ക് വീണ ജോസഫിന്റെ കാലിലൂടെ ബസ് കയറിയിറങ്ങി. തുടയിലെ എട്ട് പൊട്ടി പുറത്തേക്ക് വന്നു. മുട്ടിന്റെ ചിരട്ട പൊടിഞ്ഞുപോകുകയും ചെയ്തു. കല്‍പ്പറ്റ-ബത്തേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന പരശുറാം എക്‌സ്പ്രസ് എന്ന ബസിലാണ് സംഭവം നടന്നത്. സംഭവത്തില്‍ ജോസഫിന്റെ മകള്‍ നീതു പോലീസില്‍ പരാതി നല്‍കി.

Exit mobile version