തരൂര്‍, ഒരു കേശവന്‍ മാമന്‍ ആകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്; അവയവദാനവുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശം ഷെയര്‍ ചെയ്ത ശശി തരൂരിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: അവയവദാനവുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശം ഷെയര്‍ ചെയ്ത ശശി തരൂര്‍ എംപിക്ക് സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം. മസ്തിഷ്‌ക മരണം സംഭവിച്ചയാളുടെ അവയവങ്ങള്‍ ദാനം ചെയ്യുന്നുണ്ടെന്നും ആവശ്യമുള്ളവര്‍ ബന്ധപ്പെടണമെന്നും പറയുന്ന സന്ദേശമാണ് തരൂര്‍ ഷെയര്‍ ചെയ്തത്. സംഭവത്തില്‍ ഡോ. ജിനീഷ് എന്നയാള്‍ തരൂരിനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്.

അവയവദാനവുമായി ബന്ധപ്പെട്ട വ്യാജസന്ദേശം തരൂര്‍ ട്വിറ്ററിലാണ് ഷെയര്‍ ചെയ്തത്. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ കൂടി മാത്രമേ മരണാനന്തര അവയവദാനം നടത്താനാവൂ എന്ന ചട്ടങ്ങള്‍ നിലനില്‍ക്കെയാണ്, തരൂര്‍ വ്യാജ സന്ദേശം പങ്കുവച്ചത്. ശശി തരൂരിനെപ്പോലൊരാള്‍ ഇത്തരം സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യുന്നുവെന്നത് വിശ്വസിക്കാനാവുന്നില്ലെന്ന് ഇന്‍ഫൊക്ലിനിക് പ്രവര്‍ത്തകന്‍ കൂടിയായ ഡോ. ജിനേഷ് പോസ്റ്റില്‍ വിമര്‍ശിച്ചു.

കേരളത്തിലെ മരണാനന്തര അവയവദാനം ഏകോപിപ്പിക്കാന്‍ കേരള നെറ്റ്വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിങ് എന്ന ഒരു അംഗീകൃത സംവിധാനം ഉണ്ടെന്നും അതുവഴി അല്ലാതെ മരണാനന്തര അവയവദാനം നടക്കില്ല എന്നും താങ്കള്‍ക്ക് അറിയില്ല എന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. അതില്‍ തന്നെ പല സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം സീനിയോറിറ്റിയും മറ്റും പരിഗണിച്ച് മാത്രമേ ഇത് നടക്കുകയുള്ളൂ എന്നും താങ്കള്‍ക്ക് അറിയില്ല എന്നും വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്ന് ജിനേഷ് ഫേസ്ബുക്കില്‍ കുറിച്ചു.

ജിനേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ശശി തരൂര്‍,

അപകടത്തില്‍ പെട്ട് ചികിത്സയില്‍ ഇരുന്നിരുന്ന രണ്ടുപേരുടെ മസ്തിഷ്‌ക മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു എന്നും നാല് വൃക്കകള്‍ അവയവ ദിനത്തിനായി തയ്യാറാണെന്നും ആവശ്യമുള്ളവര്‍ താഴെ പറയുന്ന നമ്പരില്‍ ബന്ധപ്പെടണം എന്നും പറഞ്ഞു കൊണ്ടുള്ള താങ്കളുടെ ട്വീറ്റ് കണ്ടു.

കേരളത്തിലെ മരണാനന്തര അവയവദാനം ഏകോപിപ്പിക്കാന്‍ കേരള നെറ്റ്വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിങ് എന്ന ഒരു അംഗീകൃത സംവിധാനം ഉണ്ടെന്നും അതുവഴി അല്ലാതെ മരണാനന്തര അവയവദാനം നടക്കില്ല എന്നും താങ്കള്‍ക്ക് അറിയില്ല എന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. അതില്‍ തന്നെ പല സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം സീനിയോറിറ്റിയും മറ്റും പരിഗണിച്ച് മാത്രമേ ഇത് നടക്കുകയുള്ളൂ എന്നും താങ്കള്‍ക്ക് അറിയില്ല എന്നും വിശ്വസിക്കാന്‍ സാധിക്കുന്നില്ല.

നുണ പറയാനും അശാസ്ത്രീയതകള്‍ പറയാനും ഇല്ലാതിരുന്ന പ്രൗഢഗംഭീരമായ ഒരു പൗരാണികതയില്‍ ഊറ്റം കൊള്ളാനും ധാരാളം പേര്‍ ഇവിടെ ഉണ്ട്. പുഷ്പക വിമാനം ആണ് ആദ്യത്തെ വിമാനം എന്നും ഗണപതിയുടെ തല ആണ് ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജറി എന്നും തുടങ്ങി ആയിരക്കണക്കിന് അശാസ്ത്രീയതകളുടെ കൂമ്പാരം അവര്‍ ഇവിടെ വാരിവിതറുന്നുണ്ട്.

ആ കൂട്ടത്തില്‍ നിങ്ങളെ പോലെ ഒരാള്‍ ചേരുന്നത് കഷ്ടമാണ് എന്ന് പറയാതെ വയ്യ. വാട്‌സാപ്പില്‍ ഫോര്‍വേഡ് ചെയ്തു വരുന്ന മണ്ടത്തരങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്ന ധാരാളം പേര്‍ ഇവിടെ ഉണ്ട്. നിങ്ങള്‍ അതിലൊരാള്‍ മാത്രമായി മാറുന്നതില്‍ ഖേദമുണ്ടെന്ന് പറയാതെ വയ്യ.

തരൂര്‍, നിങ്ങള്‍ ഒരു കേശവന്‍ മാമന്‍ ആകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങള്‍ മാത്രമാണ്. ഇതുപോലെ പോലെ അബദ്ധങ്ങള്‍ എല്ലാം വാരിവിതറി കഴിഞ്ഞ് കേശവന്‍ മാമന്‍ പട്ടം കിട്ടിയ ശേഷം പണ്ട് ഉന്നതവിദ്യാഭ്യാസം ലഭിച്ചിരുന്നുവെന്നും ഉന്നതസ്ഥാനങ്ങള്‍ അലങ്കരിച്ചിരുന്നു എന്നും പറയുന്നതില്‍ ഒരു അര്‍ത്ഥവും ഇല്ല എന്ന് ഓര്‍മ്മവേണം.

നന്ദി,
ഒരു കേരളീയന്‍.

Exit mobile version