ശിവക്ഷേത്രത്തിലെ സമൂഹസദ്യയ്ക്ക് അതിഥിയായി എത്തിയത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍; സമൂഹത്തിനിത് നല്ല സന്ദേശം

മലപ്പുറം: കോട്ടപ്പടി മണ്ണൂര്‍ ശിവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച സമൂഹസദ്യയ്ക്ക് അതിഥിയായി എത്തിയത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. പാണക്കാട് കുടുംബത്തില്‍ നിന്ന് ഒന്നരപതിറ്റാണ്ടായി ഒരാള്‍ കോട്ടപ്പടി മണ്ണൂര്‍ ശിവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച സമൂഹസദ്യയില്‍ പങ്കെടുക്കാന്‍ എത്താറുണ്ട്. ആ പതിവ് തെറ്റിക്കാതെയാണ് ഇത്തവണ അതിഥിയായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എത്തിയത്.

സമൂഹസദ്യയില്‍ പങ്കെടുക്കാനെത്തിയ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ക്ഷേത്രഭാരവാഹികള്‍ ചേര്‍ന്ന് സ്വീകരിച്ചു. ശേഷം ഇലയിട്ട് ഊണ് വിളമ്പി. തങ്ങളോടൊപ്പം പി. ഉബൈദുല്ല എംഎല്‍എ, ഫാ. സെബാസ്റ്റ്യന്‍ എന്നിവരും സമൂഹസദ്യക്കെത്തിയിരുന്നു. സദ്യ കഴിച്ച ശേഷം ഭാരവാഹികളോട് സാദിഖലി ശിഹാബ് തങ്ങള്‍ ക്ഷേത്രവിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു.

കോട്ടപ്പടി മണ്ണൂര്‍ ശിവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച സമൂഹസദ്യയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി സാദിഖലി ശിഹാബ് തങ്ങള്‍ ക്ഷേത്രത്തിലെത്താറുണ്ട്. മതത്തിന്റേയും ജാതിയുടേയും പേരില്‍ പലയിടത്തും സംഘര്‍ഷമുയരുമ്പോള്‍ ഇത്തരം കാഴ്ചകള്‍ സമൂഹത്തിന് ഒരുമയുടെ സന്ദേശം പകരുന്നു.

Exit mobile version