പത്ത് കോടിയുടെ ഹാഷിഷ് ഓയില്‍ പിടികൂടി; സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട നടത്തി തിരുവനന്തപുരം സിറ്റി പോലീസ്

പത്ത് കോടി രൂപ വില വരുന്ന 30 കിലോ ഹാഷിഷ് ഓയിലുമായെത്തിയ ഇടുക്കി സ്വദേശി അജിനെയാണ് പോലീസ് പിടികൂടിയത്

തിരുവനന്തപുരം: പത്ത് കോടി രൂപയുടെ ഹാഷിഷ് ഓയില്‍ പിടികൂടി കേരള പോലീസ്. സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് തിരുവനന്തപുരം സിറ്റി പോലീസ് നടത്തിയത്. പത്ത് കോടി രൂപ വില വരുന്ന 30 കിലോ ഹാഷിഷ് ഓയിലുമായെത്തിയ ഇടുക്കി സ്വദേശി അജിനെയാണ് പോലീസ് പിടികൂടിയത്. പേട്ട റെയില്‍വേ സ്റ്റേഷനു സമീപം വെച്ചാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്.

പേരൂര്‍ക്കടയില്‍ നിന്ന് കഴിഞ്ഞ മാസം പിടിച്ചെടുത്ത 10 കിലോ ഹാഷിഷ് ഓയിലിന്റെ ഉറവിടം തേടിയുള്ള അന്വേഷണമാണ് കേരളത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയിലെത്തിച്ചത്. നാര്‍കോട്ടിക് സെല്ലിന്റെ സഹായത്തോടെയാണ് ഇടുക്കി മുനിയറ സ്വദേശിയായ അജിയെ പോലീസ് പിടികൂടിയത്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലേക്കും മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ അജി. വൈകീട്ട് പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പേട്ട റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. ആന്ധ്രാപ്രദേശിലെ ശീലേരുവില്‍ നിന്നാണ് ഇയാള്‍ വന്‍തോതില്‍ ഹാഷീഷ് ഓയില്‍ കേരളത്തിലേക്ക് കടത്തുന്നത്.

ട്രെയിന്‍ മാര്‍ഗ്ഗമാണ് കഞ്ചാവും ഹാഷിഷ് ഓയിലും എത്തിക്കുന്നത്. പാലക്കാട് എത്തിക്കുന്ന ഹാഷിഷ് ഓയിലും കഞ്ചാവും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റും. പിന്നീട് ഇടനിലക്കാരെ ഉപയോഗിച്ച് വിദേശത്തേക്ക് അടക്കം കടത്താറാണ് പതിവെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. നാര്‍ക്കോട്ടിക് സെല്‍ അസ്സി കമ്മീഷണര്‍ ഷീന്‍ തറയില്‍, പേട്ട എസ്‌ഐ സജുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Exit mobile version