യാത്രാ പാസ് ആവശ്യപ്പെട്ട വനിത കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയ സംഭവം: കെഎസ്ആര്‍ടിസി സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: യാത്രാ പാസ് കാണിക്കാന്‍ ആവശ്യപ്പെട്ട വനിത കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയ കെഎസ്ആര്‍ടിസി സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍.
നെയ്യാറ്റിന്‍കര ഡിപ്പോയിലെ മഹേശ്വരിയമ്മയെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ശനിയാഴ്ച രാവിലെ തിരുവനന്തപുരം നെയ്യാറ്റിന്‍കര റൂട്ടിലായിരുന്നു സംഭവം. അടൂരില്‍ നിന്ന് തലക്കുളത്തേക്കുള്ള ബസില്‍ കയറിയ മഹേശ്വരിയമ്മയോട് കണ്ടക്ടര്‍ യാത്രാ പാസ് കാണിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. കാണിക്കാന്‍ മനസില്ലെന്നും പോയി പരാതി നല്‍കാനുമായിരുന്നു മഹേശ്വരിയമ്മയുടെ മറുപടി.

യാത്രക്കാര്‍ ഇത് മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെ എംഡി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. വീഡിയോ വൈറലായതോടെ നിരവധി പേര്‍ സൂപ്രണ്ടിനെതിരെ രംഗത്തെത്തിയിരുന്നു.

യാത്രാപാസുകള്‍ കര്‍ശനമായി പരിശോധിക്കണമെന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഇറക്കിയ ഉത്തരവില്‍ വിജിലന്‍സ് ഓഫിസര്‍ കണ്ടക്ടര്‍മാരോട് നിര്‍ദേശിച്ചിരുന്നു. കെഎസ്ആര്‍ടിസി ജീവനക്കാരാണെങ്കിലും പാസ്സിന്റെ നമ്പര്‍ മെഷീനില്‍ രേഖപ്പെടുത്തണമെന്നാണ് നിയമം. ഇല്ലെങ്കില്‍ കണ്ടക്ടര്‍ക്കെതിരെ നടപടിവരും.

Exit mobile version