പൗരത്വനിയമത്തെ പിന്തുണച്ചുക്കൊണ്ടുള്ള ബിജെപി പ്രചാരണത്തിനിടെ ഫോട്ടോ എടുത്തു; വിവാദമായപ്പോള്‍ മാപ്പ് പറഞ്ഞ് നാസര്‍ ഫൈസി കൂടത്തായി

കോഴിക്കോട്: പൗരത്വനിയമ ഭേദഗതിയെ പിന്തുണച്ചുക്കൊണ്ടുള്ള ബിജെപി പ്രചാരണത്തിന് ഫോട്ടോയ്ക്ക് പോസ് ചെയ്ത ‘സമസ്ത’ നേതാവിനെതിരെ പ്രതിഷേധം. സമസ്ത യുവജന വിഭാഗമായ എസ്‌വൈഎസിന്റെ സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി ആണ് ഫോട്ടോ എടുക്കാന്‍ നിന്നുകൊടുത്തത്. പൗരത്വ നിയമത്തിനെതിരെ മുസ്ലിം സംഘടനകള്‍ ഒന്നടങ്കം പ്രക്ഷോഭത്തില്‍ ഒന്നിച്ചതിനിടെയാണ് ബിജെപി പ്രചാരണത്തെ അനുകൂലിക്കുന്നു എന്നതരത്തില്‍ നേതാവിന്റെ ഫോട്ടോ പ്രചരിച്ചത്.

ബിജെപി നടത്തുന്ന ഗൃഹസമ്പര്‍ക്ക ലഘുലേഖ ക്യാംപയിനിലാണ് ‘സമസ്ത’ നേതാവ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഈ ഫോട്ടോ വ്യാപകമായി പ്രചരിച്ചതോടെ നാസര്‍ ഫൈസിക്കെതിരെ സമസ്തയില്‍ നിന്നടക്കം വ്യാപക പ്രതിഷേധമുയര്‍ന്നു.

ഇതിന് പിന്നാലെ നേതാവിനെ രൂക്ഷമായി വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി. ലഘുലേഖ വാങ്ങിയതല്ല, ബിജെപിയുടെ പ്രചാരണത്തിന് വേണ്ടി ഫോട്ടോയ്ക്ക് നിന്നുകൊടുത്തതിലാണ് എതിര്‍പ്പെന്ന് സമസ്തയുടെ മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു. അതേസയമയം, താന്‍ ആതിഥ്യമര്യാദയുടെ ഭാഗമായാണ് ലഘുലേഖയുമായി വന്ന ബിജെപി പ്രാദേശിക നേതാക്കളെ സ്വീകരിച്ചതെന്നും ഫോട്ടോ പ്രചരിപ്പിക്കരുതെന്ന് പറഞ്ഞിരുന്നെന്നും നാസര്‍ ഫൈസി പ്രതികരിച്ചു.

എന്നാല്‍ സമസ്ത പ്രവര്‍ത്തകര്‍ വെറുതെ വിട്ടില്ല. പ്രവര്‍ത്തകരും നേതാക്കളും അദ്ദേഹത്തോട് നേരിട്ടും ഫേസ്ബുക്കിലൂടെയും എതിര്‍പ്പറിയിച്ചു. എതിര്‍പ്പ് രൂക്ഷമായതോടെ നാസര്‍ ഫൈസി ന്യായീകരിച്ചുകൊണ്ട് ആദ്യമിട്ട ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് നിരുപാധികം മാപ്പപേക്ഷിച്ച് മറ്റൊരു പോസ്റ്റ് ഇടുകയായിരുന്നു.

നാസര്‍ ഫൈസി കൂടത്തായിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇന്ന് (ജനു: 5) എന്റെ വീട്ടില്‍ നാട്ടുകാരായ ബിജെപി നേതാക്കളും മറ്റുള്ളവരും പൗരത്വഭേതഗതി നിയമവുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ വന്നിരുന്നു. ബില്ലുമായി ബന്ധപ്പെട്ട എന്റെ നിലപാട് കൃത്യമായി ഞാന്‍ പറയുകയും വാഗ്വാദം നടക്കുകയും ചെയ്തു. ബില്ലിനോടും എന്‍.ആര്‍.സിയോടുമുള്ള എന്റെ പ്രതിഷേധം ഞാന്‍ അറിയിക്കുകയും ചെയ്തു. ശേഷം പോവാന്‍ എഴുന്നേറ്റപ്പോള്‍ എന്റെ കൈയില്‍ ഒരു ലഘുലേഖ വെച്ച് നീട്ടി.

അത് വാങ്ങുന്ന സമയത്ത് ഫോട്ടോ എടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഞാനത് നിരസിക്കേണ്ടതായിരുന്നു.എന്നാല്‍ എനിക്കതില്‍ ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ട്. ഞാന്‍ ഒരു നിലക്കും അതിനെ ന്യായീകരിക്കുന്നില്ല. അത് കൊണ്ട് തന്നെ ഈ വലിയ അപരാധത്തില്‍ മതേതര ഇന്ത്യയോടും പ്രത്യേകിച്ച് എന്റെ സംഘടനാ സുഹൃത്തുക്കളോടും പ്രവര്‍ത്തകരോടും ഞാന് നിര്വ്യാജം മാപ്പ് ചോദിക്കുന്നു.

ഇത് മൂലം എന്റെ സംഘടനക്കും പ്രസ്ഥാന ബന്ധുക്കള്‍ക്കും വലിയ പ്രയാസമുണ്ടാക്കി എന്ന് ഞാന്‍ തിരിച്ചറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരമടക്കം ഫാഷിസ്റ്റ് ദുഷ്ടശക്തികളെ ആട്ടിയകറ്റാനുള്ള ധര്‍മ്മ പോരാട്ടത്തില്‍ ആയുസ്സ് മുഴുക്കെ എല്ലാ ഇന്ത്യക്കാരോടുമൊപ്പം ഞാനുമുണ്ടാകും തീര്‍ച്ച.

Exit mobile version