കേരളത്തിന്റെ സ്വന്തം ‘ടീച്ചറമ്മ’ ഇനി വിദേശത്തെ വിസിറ്റിങ് പ്രൊഫസര്‍; ഇത് ആരോഗ്യ രംഗത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതിയെന്ന് കെകെ ശൈലജ

ഇന്ത്യയില്‍ ആദ്യമായി ഈ ബഹുമതി ലഭിക്കുന്ന വ്യക്തി കൂടിയാണ് കെകെ ശൈലജ ടീച്ചര്‍

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ക്ക് വിസിറ്റിംഗ് പ്രൊഫസര്‍ ബഹുമതി.മോള്‍ഡോവ ദേശീയ മെഡിക്കല്‍ സര്‍വ്വകലാശാലയായ നിക്കോളൈ ടെസ്റ്റിമിറ്റാണ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിന്‍ ആന്റ് ഫാര്‍മസിയാണ് ശൈലജ ടീച്ചര്‍ക്ക് വിസിറ്റിംഗ് പ്രൊഫസര്‍ പദവി നല്‍കിയത്. കേരളത്തിന്റെ ആരോഗ്യ രംഗത്തിന് ലഭിക്കുന്ന ഏറ്റവും വലിയൊരു അംഗീകാരമാണ് ഈ ബഹുമതിയെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു.

കേരളത്തില്‍ ഭീതി പടര്‍ത്തിയ നിപയെ പ്രതിരോധിച്ചത് ഉള്‍പ്പെടെ ലോകത്താകമാനം ആരോഗ്യ മേഖലയില്‍ മാതൃകയാകുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവച്ചത്തിനുള്ള ബഹുമാന സൂചകമായിട്ടാണ് വിസിറ്റിംഗ് പ്രൊഫസര്‍ ബഹുമതി നല്കിയതെന്ന് യൂണിവേഴ്‌സിറ്റി അറിയിച്ചു. പൊതുജനാരോഗ്യ രംഗത്തും സാമൂഹ്യ വിഷയങ്ങളിലും സ്വന്തം നിലയില്‍ വിഷയം നിശ്ചയിച്ച് ക്ലാസെടുക്കാനുള്ള സ്വതന്ത്ര അനുമതിയായാണ് വിസിറ്റിംഗ് പ്രൊഫസര്‍ പദവി യൂണിവേഴ്‌സിറ്റി നല്കിയിരിക്കുന്നത്.

ഇന്ത്യയില്‍ ആദ്യമായി ഈ ബഹുമതി ലഭിക്കുന്ന വ്യക്തി കൂടിയാണ് കെകെ ശൈലജ ടീച്ചര്‍. കേരളത്തിന്റെ ആരോഗ്യ രംഗത്തിന് ലഭിക്കുന്ന വലിയൊരു അംഗീകാരമാണ് ഈ ബഹുമതിയെന്നും ഇനിയും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കാന്‍ ഇതൊരു പ്രോത്സാഹനം കൂടിയാണെന്നും ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചര്‍ വ്യക്തമാക്കി. ഈ ബഹുമതിയിലൂടെ നമ്മുടെ ആരോഗ്യ മേഖലയുടെ പുരോഗതി ലോകത്തെത്തിക്കാനും വിദേശരാജ്യങ്ങളിലെ ആരോഗ്യ രംഗത്തെ മാറ്റങ്ങള്‍ നമുക്കടുത്തറിയാനും സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ നവംബറില്‍ മോള്‍ഡോവ സന്ദര്‍ശിച്ച ശൈലജ ടീച്ചര്‍ മോള്‍ഡോവ ദേശീയ മെഡിക്കല്‍ സര്‍വ്വകലാശാലയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രഭാഷണം നടത്തിയിരുന്നു. കേരളത്തില്‍ ഭീതി പടര്‍ത്തിയ നിപവൈറസിനെ പ്രതിരോധിച്ചതും പ്രളയാനന്തര പകര്‍ച്ചവ്യാധികള്‍ നേരിടുന്നതിലും കേരളത്തിന്റെ ആരോഗ്യ മേഖല സ്വീകരിച്ച നടപടികളാണ് മന്ത്രി വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ചത്.

കേരളത്തിന്റെ ആരോഗ്യ നിലവാരം എങ്ങനെ ലോകനിലവാരമാക്കി എന്നതു വ്യക്തമാക്കിയ ശൈലജ ടീച്ചര്‍ ചാന്‍സലര്‍ ഡോ. എമില്‍ സെബാന്‍, സര്‍വ്വകലാശാലാ അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡ് അംഗങ്ങള്‍ എന്നിവരുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. വേള്‍ഡ് ഫെഡറേഷന്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനിലെ പൂര്‍ണ അംഗീകാരമുള്ള യൂറോപ്പിലെ ആദ്യ സര്‍വ്വകലാശാലയും അമേരിക്കയിലെ കാലിഫോര്‍ണിയ ഡെന്റല്‍ ബോര്‍ഡിന്റെ നേരിട്ടുള്ള അംഗീകാരവും ലഭിച്ച ഈ യൂണിവേഴ്‌സിറ്റിയില്‍ ഓരോ വര്‍ഷവും ക്ലാസെടുക്കാനുള്ള ആജീവനാന്ത അനുമതിയാണ് കേരളത്തിന്റെ സ്വന്തം ടീച്ചറമ്മയെ തേടി എത്തിയിരിക്കുന്നത്.

Exit mobile version