നടിയെ ആക്രമിച്ച കേസ്; പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി ഇന്ന്

അതേസമയം ദിലീപിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കരുതെന്നും വിചാരണ നടത്താന്‍ പര്യാപ്തമായ തെളിവുകള്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് കാണിച്ച്് നടന്‍ ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ പ്രത്യേക കോടതി ഇന്ന് വിധി പറയും. കൊച്ചിയിലെ വിചാരണ കോടതിയിലാണ് ദിലീപ് ഇതുസംബന്ധിച്ച ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. നിലവിലുള്ള കുറ്റപത്രത്തില്‍ തന്നെ വിചാരണ ചെയ്യാനുള്ള തെളിവില്ലെന്നാണ് ദിലീപിന്റെ വാദം.

അതേസമയം ദിലീപിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കരുതെന്നും വിചാരണ നടത്താന്‍ പര്യാപ്തമായ തെളിവുകള്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ദിലീപിന്റെ ഹര്‍ജിയില്‍ നടിയുടെ സ്വകാര്യതയെ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്ളതിനാല്‍ അടച്ചിട്ട കോടതി മുറിയിലാണ് വാദം പൂര്‍ത്തിയാക്കിയത്. നടിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട പരാമര്‍ശം ഹര്‍ജിയില്‍ ഉള്ളതിനാല്‍ ഹര്‍ജിയിലെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന് കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു.

നിലവില്‍ ഈ കേസില്‍ പത്ത് പേരാണ് പ്രതിപ്പട്ടികയിലുള്ളത്. പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജേഷ്, സലിം, പ്രദീപ്, ചാര്‍ളി തോമസ്, നടന്‍ ദിലീപ്, സനല്‍കുമാര്‍, വിഷ്ണു എന്നിവരാണ് പ്രതികള്‍. പതിനൊന്നും പന്ത്രണ്ടും പ്രതികളായിരുന്ന അഭിഭാഷകരായ പ്രതിഷ് ചാക്കോ, രാജു ജോസഫ് എന്നിവരെ ഹൈക്കോടതി നേരത്തെ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

Exit mobile version