ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ നടത്തിപ്പിൽ ക്രമക്കേടെന്ന് സെൻകുമാർ; അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ; അന്വേഷിക്കാൻ ജേക്കബ് തോമസും

തിരുവനന്തപുരം: മുൻ ഡിജിപി ടിപി സെൻകുമാറിന്റെ പരാതിയെ തുടർന്ന് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ നടത്തിപ്പിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. സ്ഥാപനത്തിന്റെ നടത്തിപ്പിൽ വീഴ്ചകൾ സംഭവിച്ചതായാണ് ഉയർന്നിരിക്കുന്ന ആരോപണം. പരാതി ഡിജിപി ജേക്കബ് തോമസ് അടങ്ങിയ അന്വേഷണ സമിതിയാണ് അന്വേഷിക്കുക. ബംഗളൂരു നിംഹാസ് ഡയറക്ടർ ഡോ. ബിഎൻ ഗംഗാധരൻ, ഐഐഎസ്‌സി മുൻ ഡയറക്ടർ ഡോ. ഗോവർധൻ മേഹ്ത്ത തുടങ്ങിയവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. ഈ മാസം 31 ന് മുമ്പായി പരാതി അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് നിർദേശം.

ശ്രീചിത്രയിൽ ഡയറക്ടറുടെ ഏകാധിപത്യമാണെന്നും ഈ നിലയിൽ സ്ഥാപനത്തിനു മുന്നോട്ടുപോകാനാകില്ലെന്നുമാണ് സെൻകുമാർ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു നൽകിയ പരാതിയിലെ പ്രധാന ആരോപണം. നിയമനത്തിൽ സ്വജനപക്ഷപാതമാണ് നടക്കുന്നതെന്നും പട്ടികജാതി-വർഗ സംവരണം പാലിക്കാറില്ല, നിസാരകാര്യങ്ങൾക്കുപോലും ഡോക്ടർമാർക്ക് മെമ്മോ നൽകും, ഇഷ്ടമില്ലാത്തവരുടെ സ്ഥാനക്കയറ്റം തടയും, ഇതിനെതിരേ പരാതി നൽകാൻ പോലും സംവിധാനമില്ലെന്നും സെൻകുമാറിന്റെ പരാതിയിൽ പറയുന്നു. രാത്രി ഒമ്പതുമണിവരെ ഒപി നടത്താൻ ഡോക്ടർമാർ തയ്യാറാണെങ്കിലും നാലുമണിയായി അത് പരിമിതപ്പെടുത്തിയത് രോഗികൾക്ക് ബുദ്ധിമുട്ടായെന്നും പരാതിയിൽ കുറ്റപ്പെടുത്തുന്നുണ്ട്.

ആശുപത്രിയെ ഇപ്പോഴുള്ള സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത് അനാവശ്യ തസ്തികകൾ സൃഷ്ടിച്ചതിനാലാണെന്നും സെൻകുമാറിന്റെ പരാതിയിൽ ആരോപിക്കുന്നു. അതേസമയം പരാതിയിലെ ആരോപണങ്ങളെ തള്ളി ശ്രീചിത്ര അധികൃതർ രംഗത്തെത്തി. വിഷയത്തിൽ ഏതന്വേഷണവും നേരിടാൻ തയ്യാറാണെന്നും നിയമനങ്ങളും സ്ഥാനക്കയറ്റവും അടക്കമുള്ള നടപടി നിർവഹിക്കുന്നത് അതത് ഉന്നതാധികാര സമിതികളാണെന്നും ഒരാൾക്കു മാത്രമായി നിയമന കാര്യത്തിൽ തീരുമാനമെടുക്കാനാവില്ലെന്നും ശ്രീചിത്ര അധികൃതർ അറിയിച്ചു.

Exit mobile version