കാരണങ്ങൾ ഒന്നുമില്ല; ഇത്തവണയും റിപ്പബ്ലിക് ദിന പരേഡിന് കേരളത്തിന്റെ നിശ്ചലദൃശ്യം ഒഴിവാക്കി കേന്ദ്രസർക്കാർ; ഇതാണോ കേന്ദ്രത്തിന്റെ പ്രതികാരം?

ന്യൂഡൽഹി: പശ്ചിമ ബംഗാളിന് പിന്നാലെ കേരളത്തിന്റേയും റിപ്പബ്ലിക് ദിന പരേഡിനായി സമർപ്പിച്ച നിശ്ചല ദൃശ്യത്തിന് പ്രദർശനാനുമതി നിഷേധിച്ച് കേന്ദ്രസർക്കാർ. പരിശോധനയുടെ മൂന്നാം റൗണ്ടിൽ കേരളത്തെ പുറത്താക്കുകയായിരുന്നു. നേരത്തെ മഹാരാഷ്ട്രയെയും പശ്ചിമ ബംഗാളിനെയും പരേഡിൽ നിന്ന് ഒഴിവാക്കിയിരുന്നു. 16 സംസ്ഥാനങ്ങളിൽ നിന്നും ആറ് കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി റിപ്പബ്ലിക് ദിന പരേഡിൽ അവതരിപ്പിക്കാനായി 22 നിർദേശങ്ങളാണ് പ്രതിരോധ മന്ത്രാലയത്തിന് മുന്നിൽ വന്നത്. ഇവയിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്തപ്പോഴാണ് ബംഗാളിനും മഹാരാഷ്ട്രയ്ക്കും കേരളത്തിനും സ്ഥാനം നഷ്ടമായത്.

അതേസമയം, വ്യക്തമായ കാരണങ്ങൾ അറിയിക്കാതെയാണ് കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് അനുമതി നിഷേധിച്ചിരിക്കുന്നത്. ആദ്യ മൂന്ന് റൗണ്ടുകളിലും കേരളത്തിന്റെ ആശയത്തിന് അനുമതി ലഭിച്ചിരുന്നു. കലാമണ്ഡലവും, തെയ്യവും വള്ളംകളിയുമുൾപ്പെട്ട നിശ്ചദൃശ്യത്തിനാണ് കേരളം അനുമതി തേടിയത്.

എങ്കിലും ഒഴിവാക്കിയതിനെ സംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് സംസ്ഥാന ഉദ്യോഗസ്ഥരുടെ പ്രതികരണമെങ്കിലും പുറത്തിറങ്ങിയ അന്തിമ പട്ടികയിൽ കേരളത്തിനിടമില്ല. തുടർച്ചയായി രണ്ടാം വർഷമാണ് കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് പ്രദർശനാനുമതി ലഭിക്കാത്തത്. ബംഗാളിനെ ഒഴിവാക്കിയത് മമതയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. പ്രതിഷേധങ്ങളോട് പ്രതികാരം ചെയ്യുകയാണ് കേന്ദ്രമെന്ന് ത്രിണമൂൽ കോൺഗ്രസ് ആരോപിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ മഹാരാഷ്ട്രയ്ക്കും കേരളത്തിനും അനുമതി നിഷേധിക്കപ്പെട്ടതോടെ കേന്ദ്രസർക്കാരിന്റെ പ്രതികാരമാണോ എന്നും സംശയമുയരുന്നുണ്ട്.

Exit mobile version