ഒരാളുടെ മാത്രം എതിര്‍പ്പിന് എന്ത് പ്രസക്തി? അതുകൊണ്ടാണ് പ്രമേയത്തെ എതിര്‍ക്കാതിരുന്നത്; ഒ രാജഗോപാല്‍

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ നിയമസഭ പ്രമേയത്തെ എതിര്‍ക്കാതിരുന്നത് മനഃപൂര്‍വ്വമാണെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. ഒരാളുടെ എതിര്‍പ്പിന് പ്രസക്തിയില്ലെന്നും അതുകൊണ്ടാണ് പ്രമേയത്തെ എതിര്‍ക്കാതിരുന്നതെന്നും രാജഗോപാല്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ആഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം അവസാനിപ്പിച്ചതില്‍ വിഷമമുണ്ടെന്നും അതുകൊണ്ടാണ് ഈ പ്രമേയത്തെയും എതിര്‍ക്കാതിരുന്നതെന്നും രാജഗോപാല്‍ വ്യക്തമാക്കി. പാര്‍ലമെന്റ് പാസ്സാക്കിയ നിയമങ്ങള്‍ക്കെതിരായ പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്നും നിയമത്തെ വ്യാഖ്യാനം ചെയ്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും സഭയില്‍ രാജഗോപാല്‍ പറഞ്ഞിരുന്നു.

മതത്തിന്റെ പേരില്‍ ആര്‍ക്കും പൗരത്വം നിഷേധിക്കുന്നതല്ല നിയമം. പൗരത്വനിയമം മുസ്ലിങ്ങള്‍ക്കെതിരല്ല. പൗരത്വം എന്നു പറഞ്ഞാല്‍ അധികാരം കൊടുക്കലാണ്. രാഷ്ട്രവും രാഷ്ട്രീയവും രണ്ടും രണ്ടാണ്. മതത്തിന്റെ പേരില്‍ രാഷ്ട്രത്തെ വിഭജിച്ചവരാണ് ഇപ്പോള്‍ വീരവാദം പറയുന്നതെന്നും രാജഗോപാല്‍ പറഞ്ഞു.

Exit mobile version