വീട് നിര്‍മ്മാണത്തിന് ഫണ്ട് ലഭിച്ചില്ല; പഞ്ചായത്ത് മെമ്പറെ പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടി: വീട് നിര്‍മ്മാണത്തിന് ഫണ്ട് ലഭിക്കാത്തതിന്റെ പേരില്‍ പഞ്ചായത്ത് മെമ്പറെ അപായപ്പെടുത്താന്‍ ശ്രമം. വേളം ഗ്രാമപഞ്ചായത്ത് ഓഫിസിനകത്താണ് സംഭവം.
16ാം വാര്‍ഡ് മെംബര്‍ തീക്കുനി കോയ്യൂറയിലെ ആര്യങ്കാവില്‍ ലീലയെ (52) ബുധനാഴ്ച രാവിലെ മീറ്റിങ് ഹാളില്‍ കയറി പെട്രോള്‍ ഒഴിച്ച് തീവെച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ തെക്കെകോയ്യൂറേമ്മല്‍ ടികെ ബാലനെ (50) കസ്റ്റഡിയിലെടുത്തു.

വാക്കത്തി, ചങ്ങല, പെട്രോള്‍ നിറച്ച ബോട്ടിലുകള്‍ എന്നിവയുമായി എത്തിയ പ്രതിയെ നാട്ടുകാര്‍ കീഴ്‌പ്പെടുത്തുകയായിരുന്നു. ദേഹാസ്വാസ്ഥ്യം കാരണം തളര്‍ന്നുപോയ ലീലയെ കുറ്റ്യാടി ഗവ.താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലൈഫ് ഭവന പദ്ധതി പ്രകാരം വീട് നിര്‍മാണത്തിന് ഫണ്ട് ലഭിക്കാത്തതിന്റെ വിരോധമാണ് കാരണം.

വേളം പഞ്ചായത്ത് ഓഫീസില്‍ ഐഎസ്ഒ സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട യോഗം കഴിഞ്ഞ് മറ്റ് പുറത്തിറങ്ങിയ ലീലയെ വീട് ലഭിക്കുന്നതുമായ വിഷയം വി ഇ ഒ മുമ്പാകെ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ബാലന്‍ കൂട്ടികൊണ്ടു പോയത്. ഇതിനിടയില്‍ മീറ്റിങ്ങ് ഹാളിലേക്ക് കയറ്റി കയ്യില്‍ കരുതിയ ബാഗില്‍ നിന്ന് ചങ്ങല പുറത്തെടുത്ത് തന്നെയും ബാലനേയും പരസ്പരം ബന്ധിച്ച് വീട് ലഭിക്കുന്നില്ലെങ്കില്‍ നമുക്ക് ഒന്നിച്ച് മരിക്കാമെന്ന് പറഞ്ഞ് പെട്രോള്‍ ഒഴിക്കുകയായിരുന്നെന്ന് ലീല പറഞ്ഞു.

ലീല നിലവിളിച്ചതോടെ പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും നാട്ടുകാരും ഓടിയെത്തിയെങ്കിലും വാതില്‍ തുറക്കാനായില്ല. പിന്നീട് തള്ളി തുറന്നെങ്കിലും കൊടുവാള്‍ കൊണ്ട് വീശിയതിനാല്‍ ആര്‍ക്കും അടുക്കാനായതുമില്ല. ഓടിയെത്തിയവര്‍ സാഹസികമായി ബാലനെ കീഴ്‌പ്പെടുത്തി ലീലയെ രക്ഷിക്കുകയായിരുന്നു. പിന്നീട് കുറ്റ്യാടി നിന്ന് പോലീസ് സ്ഥലത്തെത്തി ബാലനെ കസ്റ്റഡിയിലെടുത്തു.

Exit mobile version