സംസ്ഥാനത്ത് തകര്‍ന്ന് കിടക്കുന്ന റോഡുകള്‍ അഞ്ച് മാസത്തിനുള്ളില്‍ ശരിയാക്കും; വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനൊപ്പം പാര്‍ടൈം ജോലി; പുതുവത്സരത്തില്‍ പ്രഖ്യാപനവുമായി മുഖ്യമന്ത്രി

സംസ്ഥാനത്ത് റേഷന്‍ കാര്‍ഡില്ലാത്ത എല്ലാ പാവപ്പെട്ടവര്‍ക്കും ഈ വര്‍ഷം റേഷന്‍ കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കാര്‍ഡില്ലാത്ത എല്ലാ പാവപ്പെട്ടവര്‍ക്കും ഈ വര്‍ഷം റേഷന്‍ കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാങ്കേതിക കാരണങ്ങള്‍ ഇതിന് തടസമാകരുതെന്നും പിണറായി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം പുതുവര്‍ഷത്തിലെ പ്രഖ്യാപനങ്ങള്‍ വിശദീകരിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്ത് പലയിടത്തും റോഡുകള്‍ തകര്‍ന്ന് കിടക്കുന്ന അവസ്ഥയിലാണെന്നും അഞ്ച് മാസത്തിനകം റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ണ്ണമായും നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂടാതെ, കേരളത്തിലെ എല്ലാ പട്ടണത്തിലും സ്ത്രീ സൗഹൃദ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും സംസ്ഥാനത്ത് ഉടനീളം 12000 ശുചിമുറികള്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വിദേശ രാജ്യങ്ങളിലെ മാതൃകയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍ടൈം ജോലി സാധ്യതകള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി സ്ഥാപിക്കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

Exit mobile version